ഏഷ്യാ കപ്പ് വീണ്ടും അനിശ്ചതത്വത്തില്‍

ഇസ്‌ലാമാബാദ് -തന്റെ മുന്‍ഗാമി അംഗീകരിച്ച ഏഷ്യാ കപ്പ് പദ്ധതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത അധ്യക്ഷന്‍ സാഖ അശ്‌റഫ് തള്ളിയതോടെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. നാല് മത്സരങ്ങള്‍ പാക്കിസ്ഥാനിലും ഫൈനലുള്‍പ്പെടെ ബാക്കി ഒമ്പത് കളികള്‍ ശ്രീലങ്കയിലും നടത്തുന്ന രീതിയിലായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഒത്തുതീര്‍പ്പിലെത്തിയത്. ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന് പ്രഖ്യാപിക്കുകയും, ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍ നിന്ന് പൂര്‍ണമായും മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പുണ്ടായത്. 
എന്നാല്‍ ടൂര്‍ണമെന്റ് പാക്കിസ്ഥാന് അനുവദിച്ചതാണെന്നും പാക്കിസ്ഥാന്‍ തന്നെ അതിന് ആതിഥേയത്വം വഹിക്കണമെന്നും സാഖ അശ്‌റഫ് വാദിച്ചു. രണ്ട് രാജ്യങ്ങളില്‍ കളിക്കുന്ന പദ്ധതിയെ നേരത്തെ എതിര്‍ത്തതാണ്. എല്ലാ പ്രധാന കളികളും പാക്കിസ്ഥാന് പുറത്താണ്. നേപ്പാളും ഭൂട്ടാനുമൊക്കെയാണോ പാക്കിസ്ഥാനില്‍ കളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ അധ്യക്ഷന്‍ നജം സേത്തിയാണ് ഈ പദ്ധതി അംഗീകരിച്ചത്. എന്നാല്‍ പി.സി.ബി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ താനില്ലെന്ന് പറഞ്ഞ് സേത്തി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പുതിയ അധ്യക്ഷനായി പാക്കിസ്ഥാനിലെ ഭരണകക്ഷി പരിഗണിക്കുന്നത് അശ്‌റഫിനെയാണ്. 
ഏഷ്യാ കപ്പ് പദ്ധതി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചതാണെന്നും ഇനി മാറ്റം സാധ്യമല്ലെന്നും എ.സി.സി വ്യക്തമാക്കി. അശ്‌റഫിന് എന്തു വേണമെങ്കിലും പറയാമെന്നും എ.സി.സി കൂട്ടിച്ചേര്‍ത്തു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് എ.സി.സി അധ്യക്ഷന്‍. 

Latest News