മാച്ച് നമ്പര്‍ 200, ഗോള്‍ നമ്പര്‍ 123

ബെര്‍ലിന്‍ - പുരുഷ ഫുട്‌ബോളില്‍ ആദ്യമായി 200 രാജ്യാന്തര മത്സരം കളിച്ച താരമായത് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഗോളോടെ ആഘോഷിച്ചു. 89ാം മിനിറ്റിലെ ഗോളില്‍ ഗ്രീസിനെ 1-0 ന് പോര്‍ചുഗല്‍ തോല്‍പിച്ചു. 20 വര്‍ഷം നീണ്ട കരിയറിലെ ഇരുനൂറാമത്തെ മത്സരം കളിച്ചതിനുള്ള ഗ്വിന്നസ് റെക്കോര്‍ഡോടെയാണ് റൊണാള്‍ഡൊ കളി തുടങ്ങിയത്. നാലു കളികളില്‍ പോര്‍ചുഗലിന്റെ നാലാം ജയമാണ് ഇത്. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ കൈവിട്ട റൊണാള്‍ഡൊ ഡൈവിംഗിന് മഞ്ഞക്കാര്‍ഡ് നേടുകയും ചെയ്തു. ഗോണ്‍സാലൊ ഇനാസിയോയുടെ ഹെഡറില്‍ നിന്ന് റൊണാള്‍ഡൊ നേടിയ ഗോള്‍ വീഡിയൊ പരിശോധന കഴിഞ്ഞ ശേഷമാണ് അംഗീകരിച്ചത്. 
കഴിഞ്ഞ കളിയില്‍ നാടകീമായി വിജയം കൈവിട്ട നോര്‍വെ എര്‍ലിംഗ് ഹാളന്റിന്റെ ഇരട്ട ഗോളില്‍ 3-1 ന് സൈപ്രസിനെ തകര്‍ത്തു. റുമാനിയക്കെതിരെ ഹാളന്റിനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്ത ശേഷം നോര്‍വെ വിജയം കൈവിട്ടിരുന്നു. ക്യാപ്റ്റന്‍സി വിവാദത്തെത്തുടര്‍ന്ന് തിബൊ കോര്‍ട്‌വ ടീം ക്യാമ്പ് വിട്ട വിവാദത്തിനിടയിലും ബെല്‍ജിയം 3-0 ന് എസ്റ്റോണിയയെ തകര്‍ത്തു. താല്‍ക്കാലിക നായകന്‍ റൊമേലു ലുകാകു രണ്ട് ഗോള്‍ നേടി. സ്ഥിരം നായകന്‍ കെവിന്‍ ഡിബ്രൂയ്‌നെക്ക് പരിക്കേറ്റപ്പോള്‍ ലുകാകുവിനെ ക്യാപ്റ്റനാക്കിയതാണ് കോര്‍ട്‌വയെ ചൊടിപ്പിച്ചത്. ലുകാകുവും കോര്‍ട്‌വയും വൈസ് ക്യാപ്റ്റന്മാരാണ്. 
റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട് രണ്ടു ഗോള്‍ ലീഡ് തുലച്ച് മോള്‍ദോവയോട് 2-3 ന് തോറ്റു. ലോക റാങ്കിംഗില്‍ 171ാം സ്ഥാനക്കാരാണ് മോള്‍ദോവ. ബോസ്‌നിയ ഹെര്‍സഗോവീനയെ ലക്‌സംബര്‍ഗ് 2-0 ന് അട്ടിമറിച്ചു. 

Latest News