കാണ്ടെയുമായി മൂന്നു വര്‍ഷത്തേക്ക്  കരാര്‍, വര്‍ഷം രണ്ടരക്കോടി ഡോളര്‍

പാരിസ് - അല്‍ഇത്തിഹാദുമായി എന്‍ഗോളൊ കാണ്ടെയുടെ കരാര്‍ വ്യവസ്ഥകള്‍ പുറത്ത്. ഫ്രഞ്ച് ടീമില്‍ ബെന്‍സീമക്കൊപ്പം കളിച്ചിരുന്നു കാണ്ടെക്ക് മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. വര്‍ഷം രണ്ടരക്കോടി ഡോളര്‍ മുപ്പത്തിരണ്ടുകാരന്‍ പ്രതിഫലം കിട്ടുമെന്നാണ് കരുതുന്നത്. 
യൂറോപ്യന്‍ ഫുട്‌ബോളിലും ലോക ഫുട്‌ബോളിലും ഏതാണ്ടെല്ലാം നേടിക്കഴിഞ്ഞ ഫ്രഞ്ച് ലോക ചാമ്പ്യന്‍ എന്‍ഗൊളൊ കാണ്ടെ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദുമായി കരാര്‍ പൂര്‍ത്തിയാക്കി. കരീം ബെന്‍സീമക്കും മുമ്പെ ഇത്തിഹാദിലെത്തേണ്ടിയിരുന്ന താരമാണ് കാണ്ടെ. മെഡിക്കല്‍ പരിശോധനയില്‍ ചില സംശയങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് കരാര്‍ ഒപ്പുവെക്കുന്നത് നീണ്ടത്. വെല്‍കം ബോക്‌സ്ടുബോക്‌സ് എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റുകളുമായാണ് കാണ്ടെയെ ഇത്തിഹാദ് സ്വാഗതം ചെയ്തത്. കഠിനമായി ഓടുന്ന കാണ്ടെയുടെ കളി ശൈലിയെ സൂചിപ്പിച്ചാണ് ഈ അംഗീകാരം. 
കാണ്ടെയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു താനെന്ന് കരീം ബെന്‍സീമ പറഞ്ഞു. ഒരു സ്വകാര്യ വിമാനത്തിലിരുന്ന് കാണ്ടെയെ ബെന്‍സീമ പുകഴ്ത്തുന്ന ചിത്രങ്ങള്‍ ഇത്തിഹാദ് പുറത്തുവിട്ടു. ബോക്‌സ് ടു ബോക്‌സ് ഓടുന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് എന്ന് താങ്കളോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഒരുമിച്ച് കളിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം. അതും സൗദിയിലെ മികച്ച ടീമില്‍. നമുക്ക് ജിദ്ദയില്‍ കാണാം -ബെന്‍സീമ പറഞ്ഞു. 
സന്തോഷത്തോടെ ബെന്‍സീമക്ക് കാണ്ടെ മറുപടി നല്‍കി. നന്ദി കരീം, വീണ്ടും ഒരുമിക്കുന്നതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി. ലോകത്തിലെ മികച്ച കളിക്കാരനൊപ്പം വീണ്ടും കളിക്കാനാവുന്നതില്‍ സന്തോഷം. സൗദി ടൈഗേഴ്‌സിന്റെ ജഴ്‌സിയിടുന്നതിനായി കാത്തിരിക്കുന്നു -കാണ്ടെ ട്വീറ്റ് ചെയ്തു. 
മുന്‍ ടോട്ടനം, വുള്‍വര്‍ഹാംപ്റ്റന്‍ കോച്ച് നൂനൊ എസ്പിരിറ്റൊ പരിശീലിപ്പിക്കുന്ന ഇത്തിഹാദില്‍ കരാര്‍ കാലത്ത് കാണ്ടെക്ക് 10 കോടിയോളം ഡോളര്‍ ലഭിക്കും. 2018 ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും 2021 ല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ടീമിലും കളിച്ചിരുന്നു കാണ്ടെ. 2016 ല്‍ ലെസ്റ്ററിനൊപ്പവും 2017 ല്‍ ചെല്‍സിക്കൊപ്പവും പ്രീമിയര്‍ ലീഗ് ചാമ്പ്യനായി. 
റിയാദ് മഹ്‌റേസ് (മാഞ്ചസ്റ്റര്‍ സിറ്റി), ഗോള്‍കീപ്പര്‍ എഡ്വേഡ് മെന്‍ഡി (ചെല്‍സി), റൂബന്‍ നെവെസ് (വുള്‍വര്‍ഹാംപ്റ്റന്‍), സോന്‍ ഹ്യുംഗ് മിന്‍ (ടോട്ടനം) എന്നിവരെയും സൗദി ക്ലബ്ബുകള്‍ ലക്ഷ്യമിടുന്നുണ്ട്. 

Latest News