ന്യൂജന്‍ ക്രിക്കറ്റിനെ വെട്ടി ഓസീസിന്റെ ഓള്‍ഡ് വേര്‍ഷന്‍

ബേമിംഗ്ഹാം - കോച്ച് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ പേരില്‍ ബസ്‌ബോള്‍ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ആക്രമണ ക്രിക്കറ്റിനെ പരമ്പരാഗത ക്രിക്കറ്റിന്റെ കരുത്തിലൂടെ വീഴ്ത്തി പാറ്റ് കമിന്‍സിന്റെ ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ ആവേശം വിതറിയ ആദ്യ ടെസ്റ്റില്‍ രണ്ടു വിക്കറ്റിന് ഓസീസിനെ ജയത്തിലേക്ക് നയിച്ചത് കമിന്‍സ് കാഴ്ചവെച്ച ക്യാപ്റ്റന്റെ ഇന്നിംഗ്‌സാണ്. അവസാന ദിനം അവസാന മണിക്കൂറിലാണ് 281 റണ്‍സ് ലക്ഷ്യം ഓസീസ് മറികടന്നത്. കമിന്‍സ് 44 റണ്‍സുമായി പുറത്താവാതെ നിന്നു. 
രണ്ടാം ഇന്നിംഗ്‌സിലും ഓസീസിന്റെ ടോപ്‌സ്‌കോററായ ഉസ്മാന്‍ ഖ്വാജ പുറത്തായതോടെ എട്ടിന് 227 ലേക്ക് ഓസീസ് തകര്‍ന്നിരുന്നു. ജയിക്കാന്‍ 54 റണ്‍സ് വേണമായിരുന്നു. എന്നാല്‍ നാഥന്‍ ലയണിനെ (16 നോട്ടൗട്ട്) കൂട്ടുപിടിച്ച് കമിന്‍സ് പ്രത്യാക്രമണം നടത്തി. പെയ്‌സ്ബൗളര്‍ ഒല്ലി റോബിന്‍സനെ ബൗണ്ടറി കടത്തി ലയണാണ് വിജയം പൂര്‍ത്തിയാക്കിയത്. ആ ഷോട്ടിന് അല്‍പം മുമ്പ് ബാക്കവേഡ് സ്‌ക്വയര്‍ലെഗില്‍ പറന്നു ഫീല്‍ഡ് ചെയ്ത ബെന്‍ സ്റ്റോക്‌സില്‍ നിന്ന് ലയണ്‍ രക്ഷപ്പെട്ടിരുന്നു. രണ്ട് വ്യത്യസ്ത ശൈലികളിലാണ് ടീമുകള്‍ കളിച്ചതെന്നും സ്വന്തം കരുത്തിനനുസരിച്ച് കളിച്ചാണ് ഓസീസ് ജയിച്ചതെന്നും കമിന്‍സ് പറഞ്ഞു. കരിയറിലെ നമ്പര്‍ വണ്‍ ടെസ്റ്റാണ് ഇതെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞയാഴ്ച ഇന്ത്യക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ജയിച്ച ഓസീസ് ഈ ടെസ്റ്റില്‍ അവസാനം വരെ പിന്നിലായിരുന്നു. ആദ്യ ദിനം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട് മസില്‍ പവര്‍ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ ക്ഷമയോടെയുള്ള മറുപടിക്ക് ഖ്വാജ നേതൃത്വം നല്‍കി. കരിയറിലെ മികച്ച ടെസ്റ്റാണ് ഇതെന്ന് ഓപണര്‍ പറഞ്ഞു. സ്പിന്നര്‍ മുഈനലിക്ക് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പകരം പന്തെറിഞ്ഞ ജോ റൂട്ടിനെ കമിന്‍സ് രണ്ടു തവണ സിക്‌സറിനുയര്‍ത്തി. 

Latest News