Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിറം കെട്ട് ലാറ്റിനമേരിക്ക

മോസ്‌കൊ - വിരസമായ ഉദ്ഘാടന മത്സരം നൽകിയത് തെറ്റായ സൂചനയായിരുന്നു. അതിനു ശേഷം ഈ ലോകകപ്പ് കണ്ടത് ഉടനീളം ത്രില്ലാണ്.  എന്നാൽ മുൻനിര കളിക്കാരുടെ പരിക്കും ഫോമില്ലായ്മയും ലാറ്റിനമേരിക്കക്ക് കണ്ണീരാണ് സമ്മാനിച്ചത്. 
ബ്രസീലും അർജന്റീനയും കൊളംബിയയും പെറുവുമെല്ലാം ഈ ലോകകപ്പിൽ ആവേശം നിറക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. അവരുടെ കാണികൾ ഗാലറികൾക്ക് നിറപ്പകിട്ടേകി, ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ച് ലാറ്റിനമേരിക്കൻ ടീമുകളിൽ നാലും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. യൂറോപ്പിനേക്കാൾ മികച്ച പ്രകടനമായിരുന്നു ഇത്. യൂറോപ്പിലെ 14 ടീമുകളിൽ നാലെണ്ണം പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ ലാറ്റിനമേരിക്കൻ ടീമുകൾ തുടർച്ചയായ ഏഴ് വിജയം സ്വന്തമാക്കി. 
എന്നാൽ പ്രി ക്വാർട്ടറിൽ തിരിച്ചടി തുടങ്ങി. അർജന്റീനയും കൊളംബിയയും ക്വാർട്ടർ കണ്ടില്ല. ബ്രസീലും ഉറുഗ്വായ്‌യും ക്വാർട്ടറിൽ പുറത്തായി. കൊളംബിയ മാത്രമാണ് ഷൂട്ടൗട്ട് വരെ പൊരുതിയത്. ഫ്രാൻസാണ് ലാറ്റിനമേരിക്കക്ക് കരടായത്. പെറുവിനെ ഗ്രൂപ്പ് ഘട്ടത്തിൽ മറികടന്ന അവർ പ്രി ക്വാർട്ടറിൽ അർജന്റീനയെയും ക്വാർട്ടറിൽ ഉറുഗ്വായ്‌യെയും കെട്ടുകെട്ടിച്ചു. 40 വർഷമായി ലോകകപ്പിൽ ലാറ്റിനമേരിക്കൻ ടീമുകളോട് ഫ്രാൻസ് തോറ്റിട്ടില്ല.
പലപ്പോഴും ഏതാനും സെന്റിമീറ്ററുകളുടെ വ്യത്യാസത്തിലാണ് കളി കീഴ്‌മേൽ മറിഞ്ഞത്. ബെൽജിയത്തിനെതിരെ തുടക്കത്തിൽ തന്നെ ബ്രസീലിന്റെ തിയാഗൊ സിൽവയുടെ ഷോട്ട് പോസ്റ്റിന് തട്ടി മടങ്ങുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഷൂട്ടൗട്ടിൽ കൊളംബിയയുടെ മാറ്റിയൂസ് ഊറിബെയുടെ ഷോട്ട് പോസ്റ്റിന്റെ അടിവശത്ത് തട്ടി മടങ്ങി. ഡെന്മാർക്കിനെതിരെ പെറു നിരവധി അവസരങ്ങളാണ് ഒരുക്കിയത്, ഒന്നും ഗോളായില്ല. 
ചില പ്രധാന കളിക്കാരെ മാത്രം ആശ്രയിച്ചതാണ് ലാറ്റിനമേരിക്കക്ക് പറ്റിയ തെറ്റ്. തന്റെ നാലാം ലോകകപ്പ് മെസ്സി ആസ്വദിച്ചേയില്ല. നാലു കളികളിൽ ഒമ്പത് ഗോൾ വഴങ്ങിയ അർജന്റീനയുടെ പരിതാപകരമായ പ്രതിരോധം മെസ്സിയുടെ ആശങ്കക്ക് ആക്കം കൂട്ടി. നെയ്മാറിനെ എതിർ ടീമുകൾ നിരന്തരം ഫൗൾ ചെയ്തു. കൊളംബിയയുടെ ഹമീസ് റോഡ്രിഗസിനെ പരിക്ക് നിരന്തരം അലട്ടി. എഡിൻസൻ കവാനിക്ക് പരിക്ക് കാരണം വിട്ടുനിൽക്കേണ്ടി വന്നത് ക്വാർട്ടറിൽ ഉറുഗ്വായ്ക്ക് വലിയ തിരിച്ചടിയായി. 1958 നു ശേഷം ലാറ്റിനമേരിക്കൻ ടീമുകൾക്ക് യൂറോപ്പിൽ കിരീടം നേടാനായിട്ടില്ല. 1958 നു ശേഷം യൂറോപ്പ് ഏഴു തവണ ലോകകപ്പ് നടത്തി. അതിൽ രണ്ടിൽ മാത്രമാണ് ലാറ്റിനമേരിക്കൻ ടീമുകൾ ഫൈനലിലെത്തിയത്. 1990 ൽ ഇറ്റലിയിൽ അർജന്റീനയും 1998 ൽ ഫ്രാൻസിൽ ബ്രസീലും. സെമിയിലെത്തിയത് മറ്റൊരു തവണ കൂടി മാത്രം, 1974 ൽ ബ്രസീൽ. യൂറോപ്പിൽ നടക്കുന്ന തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് യൂറോപ്യൻ ടീമുകൾ മാത്രം സെമി കളിക്കുന്നത്. 

Latest News