വാഷിംഗ്ടണ്‍- ചൈനയില്‍ നിന്നുള്ള വെല്ലുവിളികള്‍ വര്‍ധിക്കുന്നതിനിടയില്‍ ഇന്ത്യയെ നാറ്റോ പ്ലസ് ഗ്രൂപ്പിന്റെ ഭാഗമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്കന്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍. ഏറ്റവും ഉയര്‍ന്ന അമേരിക്കന്‍ സാങ്കേതികവിദ്യയും പ്രതിരോധ ഉപകരണങ്ങളും വലിയ ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങളില്ലാതെ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്നതാണ് ബില്‍.
പ്രതിരോധ, രഹസ്യാന്വേഷണ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നാറ്റോയെയും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന സുരക്ഷാ ക്രമീകരണമാണ് നിലവില്‍ നാറ്റോ പ്ലസ് 5.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള വാര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കോര്‍ണിനും സെനറ്റിലെ ഏക രാജ്യ- നിര്‍ദ്ദിഷ്ട കോണ്‍ഗ്രസ്സ് കോക്കസായ സെനറ്റ് ഇന്ത്യ കോക്കസിന്റെ കോ-ചെയര്‍മാരാണ്.
യു. എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നതിനാല്‍ യു. എസ്- ഇന്ത്യ ബന്ധത്തിന് ഇത് അസാധാരണവും സുപ്രധാനവുമായ ആഴ്ചയാണെന്ന് ഇന്റലിജന്‍സ് സെനറ്റ് സെലക്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വാര്‍ണര്‍ പറഞ്ഞു.
ആശയവിനിമയത്തെയും സാങ്കേതികവിദ്യയെയും കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി വിര്‍ജീനിയയില്‍ നിന്നുള്ള സെനറ്റര്‍ പറഞ്ഞു.






