പാരിസ് - ഒളിംപിക്സിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ പാരിസ് ഒളിംപിക്സ് ആസ്ഥാനത്ത് പോലിസ് റെയ്ഡ്. ഒളിംപിക്സുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സമിതിയുടെ ഓഫീസിലും റെയ്ഡ് അരങ്ങേറി. രണ്ട് അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. നിയമവിരുദ്ധമായ താല്പര്യ സംഘട്ടനം, പൊതുഫണ്ടിന്റെ ദുര്‍വിനിയോഗം, സ്വജനപക്ഷപാതിത്വം തുടങ്ങിയ ആരോപണങ്ങളാണ് ഒളിംപിക് കമ്മിറ്റി നേരിടുന്നതെന്ന് പ്രോസിക്യൂട്ടര്‍മാരുടെ വക്താവ് അറിയിച്ചു. ഒരു കേസില്‍ 2017 ലും രണ്ടാമത്തെ കേസില്‍ 2022 ലുമാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് ഓഫീസുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ അരങ്ങേറുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാരെ ഫ്രഞ്ച് അഴിമതി നിര്‍മാര്‍ജന ഏജന്‍സി അറിയിക്കുകയായിരുന്നു.
ഫ്രഞ്ച് ഒളിംപിക് സമിതിയുടെ എക്സിക്യൂട്ടിവ് ഡയരക്ടറായ എഡ്വേഡ് ഡൊണേലിയുമായി ബന്ധമുള്ള കമ്പനിക്ക് നിരവധി കരാറുകള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. റെയ്ഡിനെക്കുറിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും രണ്ട് സമിതികളും അന്വേഷകരുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ഫ്രഞ്ച് സ്പോര്‍ട്സ് മന്ത്രാലയം പ്രതികരിച്ചില്ല. റെയ്ഡ് പാരിസ് ഒളിംപിക്സിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കും.
മേയില്‍ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് ബ്രിജിത് ഹെന്റിക് ഏവരെയും ഞെട്ടിച്ചിരുന്നു. ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിക്ക് ഒളിംപിക്സ് നടത്തിപ്പില്‍ നേരിട്ട് പങ്കില്ല. ഫ്രഞ്ച് ഫുട്ബോള്‍, റഗ്ബി, ജിംനാസ്റ്റിക്സ്, ടെന്നിസ് ഫെഡറേഷനുകളിലും അസ്വാരസ്യം നിലനില്‍ക്കുകയാണ്. ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് ഈയിടെ രാജി വെച്ചു. മുന്‍ സ്പോര്‍ട്സ് മന്ത്രി കൂടിയായ ദേശീയ റഗ്ബി കോച്ച് ബെര്‍ണാഡ് ലപോര്‍ടെ ജനുവരിയില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് പദവി ഒഴിഞ്ഞു.
2024 ജൂലൈ 26 നാണ് പാരിസ് ഒളിംപിക്സ് ആരംഭിക്കുക. ഓഗസ്റ്റ് 11 ന് അവസാനിക്കും.






