സാഫില്‍ ഇന്ത്യ x പാക് പോരാട്ടം

 

ഇന്ത്യ x പാക്കിസ്ഥാന്‍
ബുധന്‍ വൈകു: 5.00

ബംഗളൂരു - ഭുവനേശ്വറില്‍ ലെബനോനെ തോല്‍പിച്ച് ഇന്റര്‍കോണ്ടിനന്റല്‍ കപ്പുയര്‍ത്തി മൂന്നു ദിവസം പിന്നിടും മുമ്പെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബംഗളൂരു ശ്രീകാണ്ഠീരവ സ്‌റ്റേഡിയത്തില്‍ സാഫ് കപ്പിന്റെ ആദ്യ ദിനം ഇറങ്ങും. അയല്‍ക്കാരായ പാക്കിസ്ഥാനുമായുള്ള ആവേശപ്പോരാട്ടത്തിന് സ്‌റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്നരക്ക് നേപ്പാളും കുവൈത്തും ഏറ്റുമുട്ടും. ലെബനോനും ബംഗ്ലാദേശും മാലദ്വീപും ഭൂട്ടാനുമാണ് ഗ്രൂപ്പ് ബി-യില്‍. വ്യാഴാഴ്ചയാണ് ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരങ്ങള്‍. 
റെക്കോര്‍ഡായ എട്ടു തവണ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനാണ് ഇറങ്ങുക. 2021 ല്‍ മാലദ്വീപില്‍ നടന്ന ഫൈനലില്‍ നേപ്പാളിനെ 3-0 ന് തോല്‍പിച്ചണ് ഇന്ത്യ ചാമ്പ്യന്മാരായത്. നാലാം തവണയാണ് ഇന്ത്യയില്‍ സാഫ് ചാമ്പ്യന്‍ഷിപ് അരങ്ങേറുന്നത്. 1999 ലും 2011 ലും 2015 ലുമാണ് മുമ്പ് ഇന്ത്യ വേദിയൊരുക്കിയത്. 
കുവൈത്തും ലെബനോനും അതിഥി ടീമുകളായാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2013 നു ശേഷം ആദ്യമായാണ് സാഫ് ചാമ്പ്യന്‍ഷിപ്പില്‍ എ്ട്ടു  ടീമുകള്‍ അണിനിരക്കുന്നത്. ലെബനോനെ 2-0 ന് തോല്‍പിച്ച് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് തിരിച്ചുപിടിച്ച ആഹ്ലാദത്തിലാണ് ഇന്ത്യ. കിരീടനേട്ടത്തില്‍ ആഹ്ലാദമുണ്ടെങ്കിലും എല്ലാം വീണ്ടും തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ടീമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. 
ഭുവനേശ്വറില്‍ കൊടും ചൂടും ഹ്യൂമിഡിറ്റിയുമുള്ള അന്തരീക്ഷത്തിലായിരുന്നു കളി. ബംഗളൂരുവില്‍ മഴയും തണുപ്പുമാണ്. ഫുട്‌ബോള്‍ കളിക്കാന്‍ പറ്റിയ അന്തരീക്ഷമാണ് ബംഗളൂരിലെന്ന് കോച്ച് അഭിപ്രായപ്പെട്ടു. 
മൗറിഷ്യസില്‍ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് കളിച്ചാണ് പാക്കിസ്ഥാന്‍ ടീം ഒരുങ്ങിയത്. എന്നാല്‍ മൂന്നു കളികളും അവര്‍ തോറ്റു. കെനിയയോട് 0-1 നും  മൗറിഷ്യസിനോട് 0-3 നും ജിബൂത്തിയോട് 1-3 നും. ഫിഫ റാങ്കിംഗില്‍ വാലറ്റത്താണ് അവര്‍-195ാം സ്ഥാനത്ത്. 
ബംഗ്ലാദേശില്‍ നടന്ന 2018 ലെ സാഫ് കപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം ഏറ്റുമുട്ടിയത്. അന്ന് 3-1 ന് ഇന്ത്യ ജയിച്ചു. വിസ പ്രശ്‌നങ്ങള്‍ കാരണം അവസാന നിമിഷമാണ് പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യയിലെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് അവര്‍ക്ക് വിസ അനുവദിച്ചത്. 

Latest News