Sorry, you need to enable JavaScript to visit this website.

ഏഴ് ഇന്ത്യന്‍ സിറപ്പുകള്‍ ലോകാരോഗ്യ സംഘടന നിരോധിച്ചു

ജനീവ- ലോകത്തിന്റെ വിവിധ ഇടങ്ങളിലായി 300 പേര്‍ മരിക്കാന്‍ കാരണമായ ഇന്ത്യന്‍ മരുന്നുകളും സിറപ്പുകളും ലോകാരോഗ്യ സംഘടന നിരോധിച്ചു. ഏഴു മരുന്നുകളും മലിനമായ സിറപ്പുകളുമാണ് നിരോധിച്ചത്. 

വിവിധ മരുന്നു കമ്പനികള്‍ നിര്‍മിച്ചവയാണ് മരുന്നുകള്‍. വൈറ്റമിനുകള്‍, ചുമ മരുന്നുകള്‍, പാരസെറ്റാമോള്‍ എന്നിവയാണ് നിരോധിക്കപ്പെട്ട മരുന്നുകളില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യയില്‍ നിന്നുള്ള മരുന്നുകളും നിരോധിക്കപ്പെട്ട പട്ടികയിലുണ്ട്. ഇരുരാജ്യങ്ങളില്‍ നിന്നുമായി 20 സിറപ്പുകളാണ് നിരോധിച്ചത്. 

നിരവധി രാജ്യങ്ങളില്‍ മലിനമായ സിറപ്പുകള്‍ നല്‍കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെന്നു പറഞ്ഞ ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റിയന്‍ ലിന്‍ഡ്മിയെര്‍ കൂടുതല്‍ വിവരം ലഭിക്കുന്നത് അനുസരിച്ച് മെഡിക്കല്‍ അലേര്‍ട്ട് പട്ടിക വിപുലപ്പെടുത്തുമെന്നും അറിയിച്ചു. 

നോയിഡയിലെ മാരിയന്‍ ബയോടെകിന്റെ രണ്ടും ഹരിയാനയിലെ മൈതാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാലും പഞ്ചാബിലെ ക്യു. പി ഫാര്‍മകെമിന്റെ ഒന്നും സിറപ്പുകളാണ് നിരോധിച്ച പട്ടികയിലുള്ളത്. 

ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ 88 മരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകളുടെ മേല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍, ഗാംബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ മരുന്നുകള്‍ കഴിച്ച് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഗാംബിയയിലെ 70 കുട്ടികളുടെ മരണത്തിന് കാരണം മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ മരുന്നാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Latest News