ബേമിംഗ്ഹാം - ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണ്ടത് 281 റണ്‍സ്. ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിന് 84 റണ്‍സിലെത്തി. ഓസീസിന് അവസാനം വേണ്ടത് ഇരുനൂറില്‍ താഴെ റണ്‍സ്, ഇംഗ്ലണ്ടിന് എട്ടു വിക്കറ്റും. ഡേവിഡ് വാണറെ (36) ഒല്ലി റോബിന്‍സണും മാര്‍നസ് ലാബുഷൈനെ (13) സ്റ്റുവാര്‍ട് ബ്രോഡും പുറത്താക്കി. അവസാന ദിനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നതാണ് മത്സരത്തിന് ഭീഷണി. നാലാം ദിവസം ചായക്ക് അല്‍പം മുമ്പ് ഇംഗ്ലണ്ട് 273 റണ്‍സിന് ഓളൗട്ടായി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (4-63) സ്പിന്നര്‍ നാഥന്‍ ലയണും (4-80) എട്ട് വിക്കറ്റ് പങ്കുവെച്ചു. സ്പിന്നര്‍ മുഈന്‍അലിയുടെ വിരലിന് പരിക്കേറ്റത് ഇംഗ്ലണ്ടിന്റെ ബൗളിംഗ് ദുര്‍ബലമാക്കി.
രണ്ടിന് 28 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് നിരയില്‍ മൂന്നു പേര്‍ 40 പിന്നിട്ടെങ്കിലും ആര്‍ക്കും അര്‍ധ ശതകം തികക്കാന്‍ കഴിഞ്ഞില്ല. ജോ റൂട്ടും ഹാരി ബ്രൂക്കും 46 റണ്‍സ് വീതം നേടി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 43 റണ്‍സും. അവസാന രണ്ടു വിക്കറ്റില്‍ ചേര്‍ത്ത 44 റണ്‍സാണ് ഇംഗ്ലണ്ടിന്റെ നില അല്‍പം സുരക്ഷിതമാക്കിയത്.
എജ്ബാസ്റ്റണില്‍ മൂന്നു ടീമുകളേ ഇരുനൂറില്‍ കൂടുതല്‍ റണ്‍സ് നാലാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്ത് ജയിച്ചിട്ടുള്ളൂ. ഏറ്റവും ഉയര്‍ന്ന ചെയ്‌സ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ മൂന്നിന് 378 റണ്‍സാണ്. 2008 ല്‍ ദക്ഷിണാഫ്രിക്ക അഞ്ചിന് 283 റണ്‍സ് നേടിയും ജയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ 22 വര്‍ഷത്തിനിടയിലെ ആദ്യത്തെ ആഷസ് പരമ്പര ജയമാണ് ഓസീസ് ലക്ഷ്യമിടുന്നത്. 2015 നു ശേഷം ഇംഗ്ലണ്ട് ആഷസ് നേടിയിട്ടില്ല.






