ചെന്നൈ - ഇന്ത്യന്‍ ക്രിക്കറ്റ് ഡ്രസ്സിംഗ് റൂമിലെ അവസ്ഥയെ നിശിതമായി വിമര്‍ശിച്ച് ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്‍. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അശ്വിനെ മാറ്റിനിര്‍ത്തിയിരുന്നു.
ഇന്ത്യന്‍ ടീമിലെ ഏതെങ്കിലും കളിക്കാരനില്‍ നിന്ന് സഹായം പ്രതീക്ഷിച്ചിരുന്നുവോയെന്ന് ചോദിച്ചപ്പോഴാണ് അശ്വിന്‍ മനസ്സ് തുറന്നത്. ഇന്നത്തെ കാലത്ത് കളിക്കാര്‍ ഒരു സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന സഹതാരങ്ങള്‍ മാത്രമാണെന്നും സുഹൃത്തുക്കളല്ലെന്നും അശ്വിന്‍ പറഞ്ഞു. വലത്തോ ഇടത്തോ ഇരിക്കുന്ന ആളെ മറികടന്നു വേണം ടീമില്‍ സ്ഥാനം പിടിക്കാന്‍. മുമ്പ് അങ്ങനെയായിരുന്നില്ല. ടീമിലെത്തുന്നവരെല്ലാം സുഹൃത്തുക്കളായിരുന്നു. ഇന്ന് ആരും സഹായത്തിന് വരില്ല. ഓരോ ആളുടെയും യാത്ര ഒറ്റക്കൊറ്റക്കാണ്. എന്നാല്‍ ക്രിക്കറ്റ് മെച്ചപ്പെടുന്നത് പരസ്പരം സഹകരിക്കുമ്പോഴാണെന്ന് അശ്വിന്‍ ഓര്‍മിപ്പിച്ചു.






