ഭുവനേശ്വര്‍ - ഇന്റര്‍ സ്‌റ്റെയ്റ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം ഏഷ്യന്‍ റെക്കോര്‍ഡ് കൊണ്ട് ഷോട്പുട്ടര്‍ തേജീന്ദര്‍പാല്‍ സിംഗ് ആഘോഷമാക്കി. 21.77 മീറ്റര്‍ എറിഞ്ഞാണ് ഇരുപത്തെട്ടുകാരന്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡും (21.49 മീ.) ഏഷ്യന്‍ റെക്കോര്‍ഡും മറികടന്നത്. ലോക ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനും പഞ്ചാബുകാരന്‍ യോഗ്യത നേടി.
രാവിലെ മലയാളി മുരളി ശ്രീശങ്കര്‍ ലോംഗ്ജമ്പില്‍ (8.29 മീ.) സ്വര്‍ണം നേടി. ജെസ്വിന്‍ ആള്‍ഡ്രിനും (തമിഴ്‌നാട്, 7.98 മീ.), പി. ഡേവിഡും (7.94 മീ.)) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പ്രാഥമിക റൗണ്ടില്‍ ശ്രീശങ്കറിന് ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ദേശീയ റെക്കോര്‍ഡ് നഷ്ടമായിരുന്നു. ജെസ്വിന്‍ ആള്‍ഡ്രിന്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത റെക്കോര്‍ഡിന് (8.42 മീ) തൊട്ടു പിന്നിലെത്തിയ ശ്രീശങ്കര്‍ പ്രാഥമിക റൗണ്ടില്‍ തന്നെ ഏഷ്യാഡ്, ലോക ചാമ്പ്യന്‍ഷിപ് യോഗ്യതാ മാര്‍ക്ക് മറികടന്നിരുന്നു.
പുരുഷ ജാവലിനില്‍ രോഹിത് യാദവും (83.2 മീ.) കിഷോര്‍കുമാര്‍ ജേനയും (82.87 മീ.) ശിവപാല്‍ സിംഗും (81.96 മീ.) ഏഷ്യാഡിന് യോഗ്യത നേടി. എന്നാല്‍ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രക്കൊപ്പം ഇവരിലൊരാളേ ഏഷ്യാഡ് ടീമിലെത്തൂ. വനിതകളുടെ 800 മീറ്ററില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ ചന്ദയും ഹര്‍മിലന്‍ ബെയ്‌സും കെ.എം ദീക്ഷയും ഏഷ്യാഡ് ടിക്കറ്റുറപ്പിച്ചു.
പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണിനാണ് തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണം. വനിതാ ലോംഗ്ജമ്പില്‍ ആന്‍സി സോജന്‍ (6.51 മീ.) സ്വര്‍ണം നേടി. ആന്‍സിക്കു പിന്നില്‍ രണ്ടാമതെത്തിയ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗും (6.47 മീ.) ഏഷ്യാഡ് ബെര്‍ത്തുറപ്പിച്ചു. 200 മീറ്ററില്‍ അസമിന്റെ അംലന്‍ ബോര്‍ഗഹൈന്‍ സ്വര്‍ണം നേടിയെങ്കിലും ഏഷ്യാഡ് യോഗ്യതാ മാര്‍ക്ക് പിന്നിട്ടില്ല. വനിതകളില്‍ ഒന്നാമതെത്തിയ ശ്രാബണി നന്ദക്കും ഇതേ ഗതിയായിരുന്നു.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനു ആര്‍ മൂന്നാമതായി. വിദ്യ രാംരാജിനും സിഞ്ചാല്‍ കവേരമ്മക്കും പിന്നില്‍. പുരുഷന്മാരുടെ 400 മീറ്ററില്‍ കേരളത്തിന്റെ എം.പി ജാബിറിനെ മറികടന്ന് പി. യശസ്സും (കര്‍ണാടക) സന്തോഷ്‌കുമാറും (തമിഴ്‌നാട്) ആദ്യ സ്ഥാനങ്ങള്‍ പിടിച്ചു.






