വംശവെറിക്കെതിരായ കളിയിലും സ്‌പെയിനില്‍ വംശവൈരം

ബാഴ്‌സലോണ - സ്‌പെയിനിലെ വംശവൈരത്തിനെതിരെ കറുത്ത ജഴ്‌സിയിട്ട് ബ്രസീല്‍ ടീം കളിച്ച സൗഹൃദ ഫുട്‌ബോള്‍  മത്സരത്തിനിടെ തന്റെ സുഹൃത്ത് വംശീയാക്രമണം നേരിട്ടതായി വിനിസിയൂസ് ജൂനിയര്‍. സ്‌റ്റേഡിയത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പഴമുയര്‍ത്തിക്കാട്ടി അപമാനിച്ചതെന്ന് വിനിസിയൂസ് പറഞ്ഞു. കുരങ്ങുകളാണെന്ന് പരിഹസിക്കാനാണ് വംശവെറിയന്മാര്‍ പഴം ഉയര്‍ത്തിക്കാട്ടുന്നത്. 
സ്‌പെയിനില്‍ പലതവണ വിനിസിയൂസ് വംശീയമായി അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഗ്വിനിക്കെതിരെ കറുത്ത ജഴ്‌സിയിട്ടാണ്  ബ്രസീല്‍ കളിച്ചത്. മത്സരം 4-1 ന് ബ്രസീല്‍ ജയിച്ചു. വിനിസിയൂസിന്റെ ഉപദേശകരിലൊരാളാണ് മത്സരത്തിനിടെ അപമാനിക്കപ്പെട്ട ഫെലിപ്പെ സില്‍വേര. സ്റ്റേഡിയത്തില്‍ വിനിസിയൂസിന്റെ സംഘവും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയൊ ദൃശ്യങ്ങള്‍ ബ്രസീല്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. 
ഗിനിക്കെതിരെ വിനിസിയൂസും സ്‌കോര്‍ ചെയ്തിരുന്നു. ജോലിന്റന്‍, റോഡ്രിഗൊ, എഡര്‍ മിലിറ്റാവൊ എന്നിവരും സ്‌കോര്‍ ചെയ്തു.
 

Latest News