പാരിസ് - മാഞ്ചസ്റ്റര്‍ സിറ്റിയെ ഈ സീസണില്‍ ഹാട്രിക് കിരീടം നേടാന്‍ സഹായിച്ച എര്‍ലിംഗ് ഹാളന്റിന് ദേശീയ ജഴ്‌സിയില്‍ തോല്‍വി. ഹാളന്റിന്റെ നോര്‍വെയെ യൂറോ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ സ്‌കോര്‍ലന്റ് തോല്‍പിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ 90 മിനിറ്റും കളിച്ച മത്സരത്തില്‍ പോര്‍ചുഗല്‍ 3-0 ന് ബോസ്‌നിയ ഹെര്‍സഗോവീനയെ തകര്‍ത്തു. മുപ്പത്തെട്ടുകാരന്റെ 199ാം രാജ്യാന്തര മത്സരമാണ് ഇത്. ബ്രൂണൊ ഫെര്‍ണാണ്ടസ് രണ്ടു ഗോള്‍ നേടി. ഗ്രൂപ്പ് ജെ-യില്‍ പോര്‍ചുഗലിന്റെ മൂന്നാം ജയമാണ് ഇത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡൊ സില്‍വ ഇടവേളക്ക് ഒരു മിനിറ്റ് മുമ്പ് സ്‌കോറിംഗ് തുടങ്ങി വെച്ചു. ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡിന് കൊടിയുയര്‍ന്നു.
ഗ്രൂപ്പ് എ-യില്‍ സ്‌കോട്‌ലന്റിനും മൂന്നു വിജയങ്ങളായി. മാര്‍ച്ചില്‍ സ്‌പെയിനിനെ അട്ടിമറിച്ച അവര്‍ ഒരു ഗോളിന് പിന്നിലായ ശേഷം 2-1 ന് നോര്‍വെയെ കീഴടക്കി. തന്നെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടിയിലൂടെ അറുപതാം മിനിറ്റില്‍ ഹാളന്റ് നോര്‍വെയെ മുന്നിലെത്തിച്ചതായിരുന്നു. 24 കളികളില്‍ നോര്‍വെക്കു വേണ്ടി ഹാളന്റിന്റെ 22ാം ഗോളായിരുന്നു അത്. ആറ് മിനിറ്റ് ശേഷിക്കെ ഹാളന്റിനെ കോച്ച് പിന്‍വലിച്ചു. 87ാം മിനിറ്റില്‍ ലിന്‍ഡന്‍ ഡൈക്‌സ് ഗോള്‍ മടക്കി. ഒരു മിനിറ്റ് മാത്രം ശേഷിക്കെ കെന്നി മകലീന്‍ വിജയ ഗോള്‍ കണ്ടെത്തി. മൂന്നു കളികളില്‍ ഒരു പോയന്റ് മാത്രം സമ്പാദ്യമുള്ള നോര്‍വെ യൂറോ കപ്പിന് യോഗ്യത നേടാന്‍ പ്രയാസപ്പെടും. കഴിഞ്ഞ ലോകകപ്പും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.






