ഹരാരെ - ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും ആതിഥേയരായ സിംബാബ്‌വെയും വിജയത്തോടെ തുടങ്ങി. വെസ്റ്റിന്‍ഡീസ് 39 റണ്‍സിന് അമേരിക്കയെയും സിംബാബ്‌വെ എട്ടു വിക്കറ്റിന് നേപ്പാളിനെയും തോല്‍പിച്ചു.
മൂന്ന് പന്ത് ശേഷിക്കെ 297 ന് ഓളൗട്ടായ വിന്‍ഡീസ് എതിരാളികളെ ഏഴിന് 258 ല്‍ ഒതുക്കി. എട്ടിന് 290 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ നേപ്പാളിനെ 29 പന്തും എട്ടു വിക്കറ്റും ശേഷിക്കെ സിംബാബ്‌വെ മറികടന്നു.
വിന്‍ഡീസ് ഓപണര്‍മാരായ ബ്രാന്‍ഡന്‍ കിംഗിനെയും (7 പന്തില്‍ 0) കയ്ല്‍ മയേഴ്‌സിനെയും (15 പന്തില്‍ 2) പുറത്താക്കിയാണ് അമേരിക്ക തുടങ്ങിയത്. എന്നാല്‍ ജോണ്‍സണ്‍ ചാള്‍സും (66) ക്യാപ്റ്റന്‍ ഷായ് ഹോപും (54) നിക്കൊളാസ് പൂരാനും (28 പന്തില്‍ 43) റോസ്റ്റണ്‍ ചെയ്‌സും (55 പന്തില്‍ 55) ജെയ്‌സന്‍ ഹോള്‍ഡറും (40 പന്തില്‍ 56) തിരിച്ചടിച്ചു. സൗരഭ് നേത്രവല്‍ക്കറും കയ്ല്‍ ഫിലിപ്പും സ്റ്റീവന്‍ ടയ്‌ലറും മൂന്നു വീതം വിക്കറ്റെടുത്തു.
97 റണ്‍സെടുക്കുമ്പോഴേക്കും അമേരിക്കക്ക് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. സെഞ്ചുറിയോടെ ഗജാനന്ദ് സിംഗാണ് (109 പന്തില്‍ 101 നോട്ടൗട്ട്) തോല്‍വിഭാരം കുറച്ചത്. ശയാന്‍ ജഹാന്‍ഗീറും (39) നോസ്തുഷ് കെഞ്ചിഗെയും (34 നോട്ടൗട്ട്) പിടിച്ചുനിന്നതോടെ അമ്പതോവറും അവര്‍ പൂര്‍ത്തിയാക്കി.
നേപ്പാളിനെതിരെ ക്യാപ്റ്റന്‍ ക്രയ്ഗ് ഇവാന്‍സും (121 നോട്ടൗട്ട്) ഷോണ്‍ ഇര്‍വിനും (70 പന്തില്‍ 102 നോട്ടൗട്ട്) തമ്മിലുള്ള 164 റണ്‍സ് കൂട്ടുകെട്ടാണ് സിംബാബ്‌വെക്ക് വന്‍ വിജയം സമ്മാനിച്ചത്. നേപ്പാള്‍ ഓപണര്‍ കുശാല്‍ ബുര്‍തേലിന് ഒരു റണ്‍സരികെ സെഞ്ചുറി നഷ്ടപ്പെട്ടു (95 പന്തില്‍ 99). ആസിഫ് ശെയ്ഖുമായി (66) ഓപണിംഗ് വിക്കറ്റില്‍ കുശാല്‍ 171 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. റിച്ചാഡ് എന്‍ഗരാവയാണ് (4-43) സിംബാബ്‌വെയുടെ മികച്ച ബൗളര്‍.






