ആഷസില്‍ ഇംഗ്ലണ്ടിന് അടി തെറ്റുന്നു

ബേമിംഗ്ഹാം - ഓപണറായി ഇറങ്ങി ഇംഗ്ലണ്ട് ബൗളിംഗിനെ ധീരമായി ചെറുത്തുനിന്ന ഉസ്മാന്‍ ഖ്വാജ ഏഴാമനായി പുറത്തായതോടെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നേരിയ ലീഡ്. എട്ടിന് 393 ന് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 386 ന് ഓളൗട്ടായി. വെറും ഏഴ് റണ്‍സ് ലീഡേ ഇംഗ്ലണ്ടിന് ലഭിച്ചുള്ളൂ. ഫലത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ഷൂട്ടൗട്ടായി മത്സരം. രണ്ടാം ഇന്നിംഗ്‌സില്‍ മഴ കളി തടസ്സപ്പെടുത്തുമ്പോഴേക്കും ഇംഗ്ലണ്ടിന് ഓപണര്‍മാരെ നഷ്ടപ്പെട്ടു. രണ്ടിന് 28 ല്‍ പരുങ്ങുകയാണ് ആതിഥേയര്‍. സാക് ക്രോളിയെ (7) സ്‌കോട് ബോളന്റും ബെന്‍ ഡക്കറ്റിനെ (19) പാറ്റ് കമിന്‍സും പുറത്താക്കി. 
321 പന്ത് നേരിട്ട ഖ്വാജ മൂന്ന് സിക്‌സറും 14 ബൗണ്ടറിയുമായി 141 റണ്‍സ് നേടി. ട്രാവിസ് ഹെഡുമൊത്ത് (50) നാലാം വിക്കറ്റില്‍ 81 റണ്‍സും കാമറൂണ്‍ ഗ്രീനുമൊത്ത് (38) അഞ്ചാം വിക്കറ്റില്‍ 72 റണ്‍സും അലക്‌സ് കാരിയുമൊത്ത് (66) ആറാം വിക്കറ്റില്‍ 118 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സുമൊത്ത് (38) ഏഴാം വിക്കറ്റില്‍ 34 റണ്‍സും ചേര്‍ത്താണ് ഖ്വാജ ഓസീസിനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചത്. സ്റ്റുവാര്‍ട് ബ്രോഡും ഒല്ലി റോബിന്‍സണും മൂന്നു വീതവും സ്പിന്നര്‍ മുഈന്‍അലി രണ്ടും വിക്കറ്റെടുത്തു. 
അഞ്ചിന് 311 ല്‍ മൂന്നം ദിനം ആരംഭിക്കുമ്പോള്‍ ഓസീസ് 82 റണ്‍സ് പിന്നിലായിരുന്നു. തലേ ദിവസം ജീവന്‍ കിട്ടിയ ഖ്വാജയും കാരിയുമാണ് ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. 112 ലുള്ളപ്പോള്‍ ഖ്വാജ ബൗള്‍ഡായെങ്കിലും ബ്രോഡിന്റേത് നോബോളായി. കാരിയെ 26 ലുള്ളപ്പോള്‍ കീപ്പര്‍ കൈവിട്ടു. കാരിക്ക് ആദ്യ ഓവറില്‍ തന്നെ വീണ്ടും ജീവന്‍ കിട്ടി. ഇത്തവണയും വില്ലന്‍ ബെയര്‍സ്‌റ്റൊ തന്നെ. കാരിയെ ഒടുവില്‍ ജിമ്മി ആന്‍ഡേഴ്‌സനാണ് ബൗള്‍ഡാക്കിയത്. കമിന്‍സ് രണ്ടു തവണ മുഈനെയും ഒരിക്കല്‍ ബ്രോഡിനെയും സിക്‌സറിനുയര്‍ത്തി. ജീവനില്ലാത്ത പിച്ചില്‍ വിക്കറ്റെടുക്കാന്‍ ഇംഗ്ലണ്ട് പുതുമയുള്ള രീതിയില്‍ ബാറ്റര്‍ക്ക് ചുറ്റും ഫീല്‍ഡര്‍മാരെ വിന്യസിച്ചു. അവസാന നാലു വിക്കറ്റുകള്‍ 14 റണ്‍സിന് നിലംപൊത്തി. 

Latest News