ശ്രീശങ്കറിന് ലോക ചാമ്പ്യന്‍ഷിപ് ടിക്കറ്റ്

ഭുവനേശ്വര്‍ - അറുപത്തിരണ്ടാമത് ഇന്റര്‍ സ്റ്റെയ്റ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍ ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിന്റെയും ഹാംഗ്ഷു ഏഷ്യാഡിന്റെയും യോഗ്യതാ മാര്‍ക്ക് പിന്നിട്ടു. പ്രാഥമിക റൗണ്ടില്‍ ഇരുപത്തിനാലുകാരന്‍ 8.41 മീറ്ററാണ് ചാടിയത്. സ്വന്തം പേരിലുണ്ടായിരുന്ന മീറ്റ് റെക്കോര്‍ഡും (8.23 മീ.) ശ്രീശങ്കര്‍ മെച്ചപ്പെടുത്തി. തിങ്കളാഴ്ച ഫൈനലില്‍ ശ്രീശങ്കര്‍ ഈ റെക്കോര്‍ഡും മറികടക്കുമെന്ന് പിതാവും കോച്ചുമായ എസ്. മുരളി പ്രഖ്യാപിച്ചു. ലോക ചാമ്പ്യന്‍ഷിപ് യോഗ്യതാ മാര്‍ക്ക് 8.25 മീറ്ററും ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക് 7.95 മീറ്ററുമാണ്. 
ദേശീയ റെക്കോര്‍ഡുകാരനായ ജെസ്വിന്‍ ആള്‍ഡ്രിന്‍ നിരാശപ്പെടുത്തി. തമിഴ്‌നാടുകാരന് 7.83 മീറ്ററേ പിന്നിടാനായുള്ളൂ. 8.42 മീറ്ററാണ് ഇരുപത്തൊന്നുകാരന്റെ കരിയര്‍ ബെസ്റ്റ്. മലയാളി താരം മുഹമ്മദ് അനീസ് യഹ്‌യയും (7.71 മീ.) ഫൈനലില്‍ മത്സരിക്കുന്ന 12 പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. 
വനിതാ ലോംഗ്ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ ഏഷ്യന്‍ ഗെയിംസ് മാര്‍ക്ക് (6.45 മീ.) പിന്നിട്ടു. 6.49 മീറ്ററാണ് ആന്‍സി ചാടിയത്. മലയാളി താരം നയന ജെയിംസും (6.31 മീ.), അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗ് (6.27 മീ.) എന്നിവരും മികച്ച പ്രകടനത്തോടെ ഫൈനലില്‍ സ്ഥാനം പിടിച്ചു. 
പുരുഷ ജാവലിന്‍ ത്രോയില്‍ ഒഡിഷയുടെ കിഷോര്‍കുമാര്‍ ജേന (79.96 മീ.), ശിവപാല്‍ സിംഗ് (79.35 മീ.), അനുജ് കലേര (79.04 മീ.) എന്നിവര്‍ ഏഷ്യാഡ് മാര്‍ക്ക് (78.23 മീ.) മറികടന്നു. പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ്, യൂനുസ് ഷാ, സചേലാല്‍ പട്ടേല്‍ എന്നിവര്‍ ഏഷ്യാഡിന് യോഗ്യത നേടി. മലയാളി ഒളിംപ്യനും ദേശീയ റെക്കോര്‍ഡുകാരനുമായ ജിന്‍സന്‍ ജോണ്‍സണും ഫൈനലില്‍ സ്ഥാനം പിടിച്ചു. വനിതകളുടെ 400 മീ. ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ ആര്‍. വിദ്യ ഏഷ്യാഡ് ടിക്കറ്റുറപ്പിച്ചു. 200 മീറ്ററില്‍ പുരുഷന്മാരില്‍ അസമിന്റെ അംലന്‍ ബോര്‍ഗഹൈനും വനിതകളില്‍ ഒഡിഷയുടെ ശ്രാബണി നന്ദയും യോഗ്യതാ റൗണ്ടില്‍ മികച്ച വേഗം കണ്ടെത്തി.
 

Latest News