ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് സത്വിക്-ചിരാഗ് ടീമിന് കിരീടം

ജക്കാര്‍ത്ത - സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം കരിയറിലാദ്യമായി ഒരു മാസ്‌റ്റേഴ്‌സ്-1000 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാ്മ്പ്യന്മാരായി. ലോക ഏഴാം നമ്പറായ ഇരുവരും ഇന്തോനേഷ്യ ഓപണിന്റെ പുരുഷ ഡബ്ള്‍സ് ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരും രണ്ടാം സീഡുകളുമായ മലേഷ്യയുടെ ആരണ്‍ ചിയ-വൂയ് യിഗ് സോ സഖ്യത്തെ 21-17, 21-18 ന് തകര്‍ത്തു. ആദ്യമായാണ് ഇന്ത്യന്‍ ജോഡി വേള്‍ഡ് ടൂര്‍ സൂപ്പര്‍-1000 ടൂര്‍ണമെന്റില്‍ ഫൈനല്‍ കളിക്കുന്നത്. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്മാരായ സത്വികും ചിരാഗും 17-21, 21-19, 21-18 ന് സീഡില്ലാത്ത മിന്‍ ഹ്യുക് കാംഗ്-സ്യുംഗ് ജേ സ്യോ സഖ്യത്തെയാണ് സെമിയില്‍ തോല്‍പിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ ഡബ്ള്‍സ് ടീം സൂപ്പര്‍-1000 ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. ഇതിനു മുമ്പ് എട്ടു തവണ ആരണ്‍ ചിയ-വൂയ് യിഗ് സോ സഖ്യത്തെ നേരിട്ടപ്പോഴും സത്വികിനും ചിരാഗിനും തോല്‍വിയായിരുന്നു. 
വേള്‍ഡ് ടൂര്‍ ബാഡ്മിന്റണ്‍ ആറു തലങ്ങളിലായാണ്. ഒരു വേള്‍ഡ് ടൂര്‍ ഫൈനല്‍സ്, നാല് സൂപ്പര്‍-1000 ടൂര്‍ണമെന്റുകള്‍, ആറ് സൂപ്പര്‍-750 ടൂര്‍ണമെന്റുകള്‍, ഏഴ് സൂപ്പര്‍-500 ടൂര്‍ണമെന്റുകള്‍, 11 സൂപ്പര്‍-300 ടൂര്‍ണമെന്റുകള്‍ എന്നിവയോടൊപ്പം സൂപ്പര്‍-100 ചാമ്പ്യന്‍ഷിപ്പുമുണ്ട്. ഏറ്റവും കൂടുതല്‍ റാങ്കിംഗ് പോയന്റുകളും പ്രൈസ് മണിയും സൂപ്പര്‍-1000 ടൂര്‍ണമെന്റുകളിലാണ്. 
തോമസ് കപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്നു സത്വികും ചിരാഗും. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. കൂടാതെ സെയ്ദ് മോഡി (സൂപ്പര്‍-300), സൂപ്പര്‍-500 (തായ്‌ലന്റ് ഓപണ്‍, ഇന്ത്യ ഓപണ്‍), സൂപ്പര്‍-750 (ഫ്രഞ്ച് ഓപണ്‍) ടൂര്‍ണമെന്റുകളിലും കിരീടം നേടിയിട്ടുണ്ട്. 
ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ വിക്ടര്‍ ആക്‌സല്‍സനോട് നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറഞ്ഞതോടെ മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. തെക്കന്‍ കൊറിയയുടെ ലോക രണ്ടാം നമ്പര്‍ വനിതാ താരം ആന്‍ സെ യംഗ് ഈ വര്‍ഷമാദ്യമായി ഒരു ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ മടങ്ങി.  
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ ആക്‌സല്‍സന്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി. ലോക രണ്ടാം നമ്പറും ആതിഥേയ താരവുമായ ആന്റണി സിനിസുക ഗിന്‍ഡിംഗിനെ ഫൈനലില്‍ 21-14, 21-13 ന് ഡെന്മാര്‍ക്കുകാരന്‍ തകര്‍ത്തുവിട്ടു. ആക്‌സല്‍സന്‍ സെമിയില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയിയെയാണ് കീഴടക്കിയത്. 
സ്‌പെയിനിന്റെ കരൊലൈന മാരിനെ ആവേശകരമായ രണ്ടു ഗെയിമില്‍ തോല്‍പിച്ച് ലോക നാലാം നമ്പര്‍ ചൈനയുടെ ചെന്‍ യൂഫെയ് വനിതാ ചാമ്പ്യനായി (21-18, 21-19). ഈ വര്‍ഷം കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തി അത്യുജ്വല കുതിപ്പ് നടത്തുന്ന ആന്‍ സെ യംഗിനെയാണ് ചെന്‍ സെമിയില്‍ അട്ടിമറിച്ചത്. 
 

Latest News