ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ അതിജീവിച്ച് സ്്്്‌നേഹവും സന്തോഷവും എങ്ങനെ ആസ്വദിക്കാമെന്ന് തെളിയിക്കുന്ന ഒരു കോട്ടയത്തുകാരിയാണ് ഖത്തറിലെ ഒരു സ്വകാര്യ കൊട്ടാരത്തിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന അനിതാ ജോർജ് പുത്തൻപറമ്പിൽ. എഴുത്തും വായനയും ചിത്രംവരയും ശിൽപങ്ങളുണ്ടാക്കലുമൊക്കെ ഹോബിയാക്കിയ അനിത പാട്ടുകളെഴുതിയും അവ പാടിയാസ്വദിച്ചുമൊക്കെ ഒഴിവ് സമയങ്ങളെ ധന്യമാക്കുന്നു.
മനുഷ്യസ്നേഹവും സാഹോദര്യവും ദയാവായ്പുമെന്ന പോലെ ദൈവ കീർത്തനങ്ങളും കരുണാകടാക്ഷങ്ങളുമൊക്കെ അനിതയുടെ പാട്ടുകളിൽ സജീവമായി നിലനിൽക്കുന്നത് ജീവിതാനുഭവങ്ങൾ നൽകിയ കടുത്ത പാഠങ്ങളുടെ പ്രതിധ്വനികളാകാം.
ഒരു മനുഷ്യായുസ്സിൽ സഹിക്കാവുന്നതിന്റെ പരമാവധി വേദനകളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നപ്പോൾ ചില ദുർബല നിമിഷങ്ങളിൽ ജീവിതം അവസാനിപ്പിച്ചെങ്കിലോ എന്ന് വരെ ചിന്തിച്ചതാണ്. എന്നാൽ ഏത് പ്രതിസന്ധിയിലും പിടിച്ചുനിൽക്കണമെന്നും എല്ലാ വെല്ലുവിളികളേയും ചെറുത്ത് തോൽപ്പിക്കണമെന്നുമുള്ള ഒരുൾവിളി അനിതയെ ക്രിയാത്മകവും രചനാത്മകവുമായ മേഖലകളിലേക്ക് നയിച്ചു. സർഗസഞ്ചാരത്തിന്റെ നിർമലമായ പാതയിലൂടെയുള്ള സഞ്ചാരം മനസ്സിന് ശക്തി നൽകിയപ്പോൾ ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു.

കോട്ടയത്തെ ജോർജ് സി. ജി -തങ്കമ്മ സാമുവേൽ ദമ്പതികളുടെ മകളായി കോട്ടയം ജില്ലയിലെ ചേലകൊമ്പ് എന്ന പ്രദേശത്താണ്്് അനിതയുടെ ജനനം. പിതാവ് മൃദംഗവിദ്വാനായിരുന്നു. കലാപരമായ മികവും സാമ്പത്തിക ഭദ്രതയുമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ച് പോയതോടെ പ്രയാസങ്ങളുടെ നീണ്ട പരമ്പരകളായിരുന്നു. മാതാവ് വീട്ടുജോലി ചെയ്താണ് തന്റെ മകളെ വളർത്തിയത്.വിദ്യാസമ്പന്നയായിരുന്ന മാതാവ് തന്റെ മകളുടെ വിദ്യാഭ്യാസത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തിയിരുന്നു.മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽനിന്ന് പത്താം ക്‌ളാസും പുത്തൻ ചന്ത സെന്റ്് ജോൺസ് കോളേജിൽനിന്ന് പ്രീഡിഗ്രിയും പാസായി. മുണ്ടക്കയത്തെ എലൈറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സിൽ നിന്ന് ടൈപ്റൈറ്റിംഗ് ലോവർ പാസ്സായി.എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഹയർ പരീക്ഷക്കെഴുതാൻ കഴിഞ്ഞില്ല.ഹിന്ദി വിദ്വാൻ കോഴ്സ് പഠിച്ചെങ്കിലും അവിടെയും സാമ്പത്തികം വില്ലനായി. എന്നാൽ മുണ്ടക്കയത്തെ ഒരു പ്രൈവറ്റ് പാരാമെഡിക്കൽ സ്ഥാപനത്തിൽ നിന്ന് നഴ്സിംഗ് ഡിപ്ലോമ പാസായത്് ജീവിതത്തിലെ വഴിത്തിരിവായി.
ജീവിതത്തിന്റെ ആരംഭം മുതൽ തന്നെ സിംഗിൾ പാരന്റ് ആയ മാതാവിന്റെ ശിക്ഷണത്തിൽ വളർന്ന അനിത പത്താം വയസ്സ്് മുതൽ മറ്റുവീടുകളിൽ പത്ര വിതരണം നടത്തിയും കുട്ടികൾക്കു ട്യൂഷൻ എടുത്തും ചെറിയ ജോലികൾ ചെയ്തുമാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ കുട്ടിക്കാലത്തു തന്നെ നേടിയെടുത്ത സ്വയം പര്യാപ്തതയും മാതാവിന്റെ നിശ്ചയദാർഢ്യവുമാണ് തന്റെ മുമ്പോട്ടുള്ള ജീവിതത്തിന് ഏറെ സഹായകമായതെന്ന് അനിത ഓർത്തെടുക്കുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മിടുക്കിയായിരുന്ന അനിത ജീവിത പ്രാരബ്ധങ്ങൾക്കിടയിലും അക്ഷരലോകത്ത് വിരാജിക്കാൻ സമയം കണ്ടെത്തി. സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ച പല അധ്യാപികമാരും അനിതയുടെ ജീവിതത്തിലും വഴിവിളക്കുകളായി.ആദ്യാക്ഷരം പറഞ്ഞുതന്ന മുണ്ടക്കയം സെന്റ്് ജോസഫ്‌സ്് ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകരായിരുന്ന എം.യു ഏലിക്കുട്ടി ടീച്ചർ (ഭൗതികശാസ്ത്രം ), ഗ്രേസി ടീച്ചർ അടുപ്പുകല്ലിൽ (കണക്ക്), നിർമല ടീച്ചർ (സംഗീതം) സിസ്റ്റർ ലിയോക്രീറ്റ, സിസ്റ്റർ ഗ്ലാഡിസ് തുടങ്ങിയവർ ജീവിതത്തിന്റെ പല ദുർഘട സന്ദർഭങ്ങളിലും ദീപസ്തംഭങ്ങളായി മാറിയത് സൗഭാഗ്യമായി.പത്താം ക്ലാസിനു ശേഷം ഡോ. ഗീത, അനിയന്റെ ക്ലിനിക്കിൽ ജോലിചെയ്തു. ഡോക്ടറുടെ നിരന്തരമായ പ്രേരണയാണ് തുടർപഠനം എന്ന സ്വപ്നത്തിനു ജീവൻ നൽകിയത്. അങ്ങനെയാണ് നഴ്സിംഗിൽ ഡിപ്ലോമയെടുത്ത് കരിയർ രൂപപ്പെടുത്താനായത്.
സമയം കിട്ടുമ്പോഴൊക്കെ വായിക്കാനും എഴുതാനും താൽപര്യപ്പെട്ട അനിതയുടെ സർഗസഞ്ചാരത്തിന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എ.കെ.സി. മടിക്കൈ, തൃശൂർ സ്വദേശിയായ എഴുത്തുകാരൻ സുരേഷ് നായർ എന്നിവരുടെ രചനകൾ കരുത്തേകി. ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ രചനകളും ചിന്തകളും അനിതയെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചത്.2009 ഫെബ്രുവരി 23 നാണ് ഖത്തറിലെ ഒരു സ്വകാര്യ പാലസിൽ കെയർഗിവർ ആയി അനിത ദോഹയിലെത്തിയത്. അല്ലലുകളും അലട്ടുമില്ലാതെ സമാധാനപരമായ ജീവിത സാഹചര്യവുമായി ഇണങ്ങി മുന്നോട്ടുപോകവേ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തുന്ന തികച്ചും സോദ്ദേശ്യപരമാണ്. ജനനം മുതൽ താൻ അനുഭവിച്ച പ്രയാസപർവങ്ങളും വേദന നിറഞ്ഞ ജീവിതാനുഭവങ്ങളും അവിടെ നിന്ന് ദൈവം തന്ന പ്രത്യാശയോടെ മറികടന്നതുമൊക്കെ മനസിനെ ഇളക്കിമറിക്കുമ്പോൾ ജോലിയുടെ ഇടവേളകളിൽ കുത്തിക്കുറിക്കുകയും ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അനിത കുത്തിക്കുറിച്ച കവിതകളും പാട്ടുകളും ഗീതങ്ങളുമൊക്കെ വിഷയവൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ഏറെ സവിശേഷമാണ്. കീർത്തനങ്ങൾ, ആരാധനാ ഗീതങ്ങൾ, പ്രത്യാശഗീതങ്ങൾ, മെലഡികൾ തുടങ്ങി വിവിധ തരത്തിലുള്ള 12,534 പാട്ടുകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തിയിട്ടുണ്ടെങ്കിലും അനിതയെക്കുറിച്ചോ അവരുടെ രചനകളെക്കുറിച്ചോ ഇന്നുവരേയും പുറംലോകമറിഞ്ഞിട്ടില്ല. കൊട്ടാരത്തിൽ നിന്നുളള പൂർണപിന്തുണയും സഹകരണവുമാണ് ഈ രചനകളുടെ മുഖ്യ പ്രചോദനം.
മരുഭൂമിയിലെ മരുപ്പച്ച എന്ന് നാമകരണം ചെയ്ത് നിരവധി പുസ്തകങ്ങളിലാക്കി തന്റെ ജീവിതം പകർത്തി സൂക്ഷിച്ചിരിക്കുകയാണ് അനിത. പാസ്റ്റർ എം. വി സാമുവേൽ ആണ് അനിതയുടെ ഭർത്താവ്. വിദ്യാർത്ഥികളായ ജോൺ സാമുവേൽ, കെസിയ സാമുവേൽ, ജോയൽ സാമുവേൽ എന്നിവരാണ് മക്കൾ. തന്റെ ഈ ഉദ്യമത്തിൽ കുടുംബത്തിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത് എന്ന് അനിത പറഞ്ഞു.
എഴുത്തിനോടൊപ്പം ചെറുപ്പം മുതലേ തന്റെ ഹോബിയായ ചിത്രം വര ,കളിമണ്ണ് ,പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ കൊണ്ടുള്ള ശില്പ നിർമാണം തുടങ്ങിയവയും അനിത ഇപ്പോഴും തുടരുന്നു. പാഴ്‌വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ പൂക്കളും ശിൽപങ്ങളും തീർത്ത് കൊട്ടാരത്തിലെ മുഴുവൻ പേരുടേയും മനം കവർന്ന അനിത ബന്ധുക്കൾക്കും സ്വന്തക്കാർക്കുമൊക്കെ സമ്മാനമായും തന്റെ കലാസൃഷ്ടികൾ സമ്മാനിക്കാറുണ്ട്. ചോക്ളേറ്റ് പേപ്പറുകളും വെള്ളത്തിന്റെ ബോട്ടിലുകളുമെന്ന്്് വേണ്ട റിബണുകളും മറ്റു ഉപയോഗമില്ലാത്ത വസ്തുക്കളും വരെ അനിതയുടെ മാന്ത്രിക സ്പർശത്തിൽ മനോഹരമായ പൂക്കളും ശിൽപങ്ങളുമൊക്കെയായി മാറുന്നു.






