കോഴിക്കോട് വിമാനത്താവളം വരുന്നതിന് മുമ്പുള്ള കാലം. അതായത് 80 കളുടെ ആദ്യ വർഷങ്ങൾ. മാവൂർ റോഡിലെ നോൺ വെജ് ഹോട്ടലുകളിൽ ജോലിക്കാർ മലയാളികൾ തന്നെ. ബംഗാളികളെന്ന പൊതു വിളിപ്പേരിലറിയപ്പെടുന്ന വടക്കേ ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾ എത്തി തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെത്തുന്നതിന് മുമ്പുള്ള നാടൻ വെയിറ്റർമാരുടെ പരിശീലന കളരിയായിരുന്നു നഗരത്തിലെ നോൺ വെജ് ഹോട്ടലുകൾ. കുറച്ചു കാലം പ്രാക്റ്റീസ് നേടി ബെല്ലാരിയിലേക്കോ, ബാംഗ്ലൂരിലേക്കോ, മദിരാശിയിലേക്കോ കടക്കുക തന്നെ. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരായിരുന്നു അന്നത്തെ വി.ഐ.പി കസ്റ്റമേഴ്‌സ്. അക്കാലത്തെ ഹോട്ടൽ അനുഭവം ഒരു ബ്യൂറോക്രാറ്റ് പങ്കു വെച്ചതോർക്കുന്നു. വെയിറ്റർ എ ഗ്രേഡ് സർക്കാർ ഉദ്യോഗസ്ഥന് ചിക്കൻ ബിരിയാണി സെർവ് ചെയ്യുകയായിരുന്നു. സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്നേയുള്ളു, ഇംഗ്ലീഷും പരന്ത്രീസും കേട്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന യുവാവ് വല്ല ടിപ്‌സും തടയാൻ സാധ്യതയുള്ള ഇടപാടുകാരോട് ഇംഗ്ലീഷിൽ തന്നെ പറയും. എന്ത് ചിക്കനെന്ന് ഇടപാടുകാരൻ. ഉടൻ വന്നു ഇൻസ്റ്റന്റ് മറുപടി- സർ ദിസ് ഈസ് കൺട്രി ചിക്കൻ. അന്നൊക്കെ നാടൻ കോഴി ഉൾപ്പെടുത്തിയ ചിക്കൻ ബിരിയാണി സരോവറിലും കൊളംബോയിലുമൊക്കെ ലഭിച്ചിരുന്നു. ഇതേ ഹോട്ടലിലെത്തിയ മറ്റൊരു കസ്റ്റമർക്ക്് ചെറിയ ഗ്ലാസിൽ അപ്പുറത്തെ ആൾക്ക് കൊടുത്തതെന്താണെന്ന് തിരക്കിയപ്പോൾ മൂപ്പർ ദാറ്റ്‌സ് യെസ്റ്റർഡേയ്‌സ് മിൽക്ക് എന്നായിരുന്നു മറുപടി നൽകിയത്. (യോഗർട്ട്, കേഡ്, ലബൻ പോലുള്ള വാക്കുകളൊന്നും ആ സാധു കേട്ടിരിക്കാനിടയില്ല) ആശയ വിനിമയമാണല്ലോ പ്രധാനം. അങ്ങിനെ നോക്കുമ്പോൾ ഇയാളുടെ ഇംഗ്ലീഷിനെ കുറ്റം പറയാനാവില്ല. അന്ന് വെളുപ്പിക്കൽ പ്രസ്ഥാനം കണ്ടു പിടിച്ചിട്ടില്ലായിരുന്നു. കല്ലാങ്കണ്ടി മാപ്പിള എൽ.പി സ്‌കൂളാണല്ലോ ബീരാൻ കോയ കണ്ട ഏറ്റവും വലിയ സർവകലാശാല. അയാളെ വെറുതെ വിട്ടേക്കാം. അതല്ലല്ലോ, ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പി.എച്ച്.ഡിയുമുള്ളവരുടെ കാര്യം.
ഏത് കലാലയത്തിലായാലും ഏറ്റവും ബഹുമാനിക്കപ്പെടുന്ന ലക്്ചറർമാരെ കാണുക ഇംഗ്ലീഷ് വിഭാഗത്തിലാണ്. ഇംഗ്ലീഷ് ഉച്ചാരണം, ഭാഷയുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം കലക്കി കുടിച്ചവരാണല്ലോ അവർ.
അതിനിടയ്ക്കാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രമുഖർ ഇംഗ്ലീഷ് പറഞ്ഞ് നാറ്റിക്കുന്നത്. ഒരുത്തൻ പാർലമെന്റിൽ സംഘപരിവാറിനെ നാല് ചീത്ത പറഞ്ഞു തുടങ്ങിയതായിരുന്നു. പിന്നെയതാ വരുന്നൂ, നോട്ട് ഓൺലി ബട്ട് ഓൾസോ മോഡൽ ഇംഗ്ലീഷ്. പാർലമെന്റ് മന്ദിരത്തിലെ ശീതള ഛായയിൽ അൽപം ഉറക്കത്തിലായ നോർത്ത് ഇന്ത്യൻ സംഘികൾ വരെ ഉറക്കം വിട്ടെഴുന്നേറ്റു പോയി. ചിന്താപരമായ ഔന്നത്യമുള്ള ഒരു ഇംഗ്ലീഷ് ഭാഷണവും സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് കണ്ടു. അതും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ലേഡിയാണ്. എന്തോ കാര്യമായ കുഴപ്പം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ട്.
കേരളത്തിനിപ്പോൾ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരുണ്ട്. ഒന്ന് സാദാ മന്ത്രി. ശിവതാണ്ഡവമാണ് മൂപ്പരുടെ സ്‌പെഷ്യലൈസേഷൻ. കലാലയ വിദ്യാഭ്യാസം മുതലങ്ങോട്ട് ഗ്രേഡ് കൂടിയ പഠനം നിരീക്ഷിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി വേറെയും. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ ഉന്നത മന്ത്രിയുടെ പ്രസംഗമാണ് ട്രോളുകളിൽ നിറയുന്നത്. 'വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്' എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകൾ വന്നത്. ഇംഗ്ലീഷിലുള്ള തന്റെ പ്രസംഗത്തെ ട്രോളുന്നവർക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്തെത്തി. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി തന്നെ വിശദീകരിക്കാനെത്തിയത് നന്നായി.
തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണമായോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതേണ്ടതില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. എന്നാൽ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറുമെന്നാണ് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചത്. ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും ഹോമും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേർന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസിലാകുമെന്നും സന്ദീപ് കുറിച്ചു. ഇതിന്റെ ഒരു കുഴപ്പം ഇതെല്ലാം ബാധിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരുള്ള സംസ്ഥാനമായ കേരളത്തിന്റെ ഇമേജിനെയാണ്. ഇതെല്ലാം ശ്രദ്ധിക്കുന്ന മറ്റു സ്ഥലങ്ങളിലുള്ളവർ ഇവരൊക്കെയാണ് കേരളത്തിന്റെ റോൾ മോഡലുകളെന്ന് വിചാരിച്ചു പോയാലോ?
*** *** ***
മുഖ്യമന്ത്രിയും സംഘവും ക്യൂബ സന്ദർശിച്ചത് ഉചിതമായി. പഴയ എസ്.എഫ്.ഐക്കാർക്ക് ആവേശം പകരുന്ന നാടാണല്ലോ ക്യൂബ. പണവും പത്രാസൊന്നുമില്ലെങ്കിലും ഹവാന അങ്ങാടിയിലിറങ്ങി ചുരുട്ടും വലിച്ച് കഞ്ഞിയും കുടിച്ച് നടക്കുന്നത് ആവേശം പകരുന്നതാണ്. അതൊരു പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. ക്യൂബ, ചൈന, റഷ്യ, വടക്കൻ കൊറിയ ഇതൊക്കെയാണ് നല്ല രാജ്യങ്ങൾ. അമേരിക്ക സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും ഹെഡ് ഓഫീസാണ്. ലോകത്തെ സകല തിന്മകളുടേയും കേന്ദ്രം. അവിടത്തെ ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രിയെ വേണ്ടവിധം സ്വീകരിച്ചില്ലെന്ന് സങ്കടപ്പെടുകയാണ് കോങ്ങികളും സംഘികളും. അറുപതുകളിൽ നമ്മുടെ നാട്ടിലെ കല്യാണ വീടുകളിലും പണപ്പയറ്റ് നടക്കുന്നിടത്തും കാണുന്നത് പോലുള്ള ഇരുമ്പു കസേരയിൽ മുഖ്യമന്ത്രിയെ ഇരുത്തിയെന്ന് പറഞ്ഞാണ് ചിലരുടെ മുതലക്കണ്ണീർ. ഇത്തരക്കാർക്ക് ഈ കസേരയുടെ വിലയറിയില്ലെന്നേ പറയാനുള്ളു. വടകര ബീച്ച് റോഡാണ് മലബാറിലെ പ്രധാന പുരാവസ്തു വിപണി. നിരനിരയായി നിൽക്കുന്ന ആന്റിക് ഷോപ്പുകളിൽ ഇത്തരം കസേരകൾക്ക് വലിയ ഡിമാന്റാണെന്ന് ഇവർക്കറിയില്ലല്ലോ. മുഖ്യമന്ത്രി പഴയ തകര കസേരയിലിരുന്നതിന്റെ മറുവശം കാണാതിരുന്നു കൂടാ. കൊട്ടിഘോഷിക്കുന്ന ലോക മുതലാളിത്തത്തിന്റെ മാതൃകാ നഗരത്തിലെ ദാരിദ്ര്യത്തെ എക്‌സ്‌പോസ് ചെയ്യുകയെന്നത് ചെറിയ കാര്യമാണോ?
*** *** ***
മൂന്ന് വർഷം മുന്നേ കോവിഡ് 19 മഹാമാരി ഉടലെടുത്ത നാൾ മുതൽ സംശയനിഴലിലാണ് ചൈനയിലെ ഏറ്റവും പ്രശസ്തമായ വൈറോളജി റിസർച്ച് ലബോറട്ടിയായ വുഹാൻ ഇൻസ്റ്റിറ്റിയൂട്ട്. വൈറസ് ലാബിൽ നിന്ന് ചോർന്നതാണോ അതോ സ്വാഭാവികമായി പ്രകൃതിയിൽ തന്നെ സൃഷ്ടിക്കപ്പെട്ടതാണോ എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ നിന്നുള്ള ഡാറ്റകളുടെ അഭാവവും ഭരണകൂടം നൽകിയ വിവരങ്ങളിലെ അവ്യക്തതയും കാരണം കൃത്യമായ നിഗമനത്തിലെത്തിച്ചേരാനായിട്ടില്ല. എന്നാൽ വുഹാൻ ലാബിനെ പ്രതികൂട്ടിൽ നിറുത്തുന്ന ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ. ലാബിൽ ചൈനീസ് ഗവേഷകർ അപകടകരമായ രഹസ്യ പരീക്ഷണങ്ങൾ നടത്തിയിരുന്നെന്നും ഇതിനിടെ പുറത്ത് ചാടിയ വൈറസാണ് കോവിഡ് 19 എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് ഉത്ഭവത്തെ സംബന്ധിച്ച് പഠിച്ച യു.എസ് ഗവേഷകരുടെയും മറ്റും സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ചൈനീസ് മിലിട്ടറിയുമായി സഹകരിച്ചാണ് ലാബിൽ പ്രവർത്തനങ്ങൾ നടന്നത്. അതിനാൽ ഇതേ പറ്റി വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടുമില്ല. ജൈവായുധ ഗവേഷണമാണോ എന്നാണ് സംശയം. ചൈനീസ് മിലിട്ടറി തന്നെയാണത്രെ ഗവേഷണത്തിനുള്ള ധനസഹായം നൽകിയതും.
2003 മുതൽ സാർസിന് കാരണമായ കൊറോണ വൈറസുകളുടെ ഉത്ഭവത്തെ പറ്റി വുഹാൻ ഇൻസ്റ്റിറ്റിയൂട്ടിൽ പഠനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു സംഘടന വഴി യു.എസ് സർക്കാരിന്റെയും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.
ചൈനീസ് ഗവേഷകർ തെക്കൻ ചൈനയിലെ ഗുഹകളിൽ നിന്ന് ശേഖരിച്ച കൊറോണ വൈറസുകളിൽ അപകടകരമായ ഗവേഷണങ്ങൾ നടത്താൻ തുടങ്ങി. ആദ്യമൊക്കെ കണ്ടെത്തലുകൾ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചു. അപകട സാദ്ധ്യതകൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഗവേഷണങ്ങൾ വാക്‌സിൻ വികസനത്തിലേക്ക് നയിക്കുമെന്ന് വാദിച്ചു.
2016ന് ശേഷം യുനാൻ പ്രവിശ്യയിലെ മൊജിയാംഗിലെ ഒരു ഖനിയ്ക്കുള്ളിൽ ഒരു പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തി. സാർസിന്റേത് പോലുള്ള ലക്ഷണങ്ങൾ ബാധിച്ച് ചിലർ ഇവിടെ മരിച്ചിരുന്നു. ചൈന ഈ മരണങ്ങൾ പുറംലോകത്ത് നിന്ന് മറച്ചു. കൊവിഡ് 19ന് കാരണമായ കൊറോണ വൈറസുമായി സാദൃശ്യമുണ്ടായിരുന്ന വൈറസായിരുന്നു ഇത്. അതിനെ വുഹാൻ ലാബിലെത്തിച്ച ശേഷമുള്ള ഗവേഷണങ്ങളും പുറത്തുവന്നില്ല.
*** *** ***
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാൻ സാധിക്കില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിൽ നിന്ന് ഭീഷണികളുണ്ടായി എന്ന ട്വിറ്റർ മുൻ സി ഇ ഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്താലത്തിലാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന് അതിക്രൂരമായ രീതിയാണ് അവലംബിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പുകളെ ഭയപ്പെടുത്തുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുകയാണ്. തെറ്റായ കാരണങ്ങൾ പറഞ്ഞ് അവരെ ജയിലിലടക്കുകയും ചെയ്യുന്നു. എന്നാൽ മോഡി സർക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ല. നിഷേധങ്ങളും ഭീഷണിയുമാണ് മോഡി സർക്കാരിന്റെ ശൈലി എന്നും കർഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാർജ് കൊണ്ടും മറ്റും എങ്ങനെയാണ് ഈ സർക്കാർ നേരിട്ടത് എന്ന് നാം കണ്ടതാണ് -സഖാവ് വിശദീകരിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് സീതാറം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് സീതാറാം യെച്ചൂരി ഇതുവരെ പ്രതികരിച്ചിട്ടില്ല. തൃശൂരിലെ മാധ്യമ പ്രവർത്തകർ കേരളത്തിലെ സമാകാലിക സംഭവങ്ങളെ പറ്റി ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇന്ത്യയെ പറ്റി ചോദിച്ചു കൂടെ എന്നായിരുന്നു യെച്ചൂരിയുടെ മറുചോദ്യം.
*** *** ***
ഇന്ത്യയിലെ മാധ്യമങ്ങളുടെ വിശ്വാസത്തിൽ ഇടിവ് തട്ടിയെന്ന് റിപ്പോർട്ട്. റോയിട്ടേഴ്സ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2023ലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാധ്യമ വാർത്തകളുടെ മൊത്തത്തിലുള്ള വിശ്വാസത്തിൽ ഇന്ത്യ മൂന്ന് ശതമാനം പോയിന്റ് (38) ഇടിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ 46 രാജ്യങ്ങളിൽ 24-ാം സ്ഥാനത്താണ്. വാർത്തകളുടെ വിശ്വാസ്യതയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന രാജ്യം ഫിൻലൻഡ് ആണ് (69%). ഏറ്റവും കുവ് ഗ്രീസ് 19 ശതമാനം.
വാർത്താ ബ്രാൻഡുകൾക്കിടയിൽ, ഡിഡി ഇന്ത്യ, ആകാശവാണി, ബിബിസി ന്യൂസ് തുടങ്ങിയ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങൾ ഉയർന്ന വിശ്വാസ്യത നിലനിർത്തി. ഇത് പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
പുതുതലമുറ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന വാർത്താ വെബ്സൈറ്റുകൾ നേരിട്ട് സന്ദർശിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2018ൽ 32 ശതമാനം പേർ വാർത്തകൾക്കായി വെബ്സൈറ്റുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ 2023ൽ ഇത് 22 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏഷ്യൻ കോളേജ് ഓഫ് ജേണലിസവുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ 12-ാം പതിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. വാർത്തകളുടെ പൊതുവായ ഉപഭോഗത്തിലും പങ്കിടലിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ വാർത്തകളെ ആശ്രയിക്കുന്നതിൽ 12 ശതമാനം പോയിന്റും ടെലിവിഷൻ വാർത്തകളെ ആശയിക്കുന്നതിൽ പത്ത് ശതമാനം പോയിന്റും ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 56% ആളുകളും വാർത്തകൾക്കായി ആശ്രയിക്കുന്ന ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം യൂട്യൂബാണ്. 47 ശതമാനം പേർ വാട്ട്‌സ്ആപ്പും 39 ശതമാനം പേർ ഫേസ്ബുക്കും വാർത്താ ഉടവിടങ്ങളായി കാണുന്നു.
*** *** ***
മുപ്പത് കൊല്ലം മുമ്പ് കേരളം ഭരിച്ചത് ഒരു ഇടതുപക്ഷ സർക്കാരായിരുന്നു. വടക്കേ മലബാറുകാരൻ ഇ.കെ നായനാരുടെ നേതൃത്വത്തിൽ. അന്ന് വില കൂടിയാലും മറ്റു ജനകീയ പ്രശ്‌നങ്ങളുണ്ടായാലും ഇടപെടാൻ ഒരു സർക്കാർ ഇവിടെയുണ്ടായിരുന്നു. കേരളത്തിൽ നാടൻ ചായക്കടകളിൽ വരെ ഇപ്പോൾ ഒരു ഗ്ലാസ് ചായക്ക് പന്ത്രണ്ട് രൂപയാണ് വില. സ്റ്റേറ്റ് സ്‌പോൺസേഡ് വിലക്കയറ്റമാണ് ഇവിടെ. വെള്ളം, വൈദ്യുതി നിരക്കുകളും സർവ നികുതികളും സർക്കാർ കൂട്ടി. പോരാത്തതിന് പെട്രോൾ, ഡീസൽ അഡീഷണൽ ഡ്യൂട്ടിയും. പുറത്ത് ഗ്ലാസ് ചായക്ക് പന്ത്രണ്ട് വാങ്ങുമ്പോഴും റെയിൽവേ സ്‌റ്റേഷനിൽ പത്ത് രൂപയേ ഉള്ളൂ. കാരണം, തൊട്ടടുത്ത തമിഴ്‌നാട്ടിലും കർണാടകയിലും വില കൂടിയിട്ടില്ല. അവിടെ അതിന്റെ കാര്യവുമില്ല. കോഴിക്കോട് നഗരത്തിൽ രാത്രി എട്ട് കഴിഞ്ഞാൽ സിറ്റി ബസുകൾ അപൂർവ വസ്തുവാണിപ്പോൾ. ജനസാന്ദ്രത കൂടിയ ബേപ്പൂർ ഭാഗത്തു നിന്ന് രാത്രിയായാൽ നഗരത്തിലെത്താനാവില്ല. ആർക്കു വേണം ഹേ, പൊതുഗതാഗതം. നമുക്ക് ചെന്നൈയിൽ നിന്ന്് ന്യൂയോർക്കിലേക്ക് എളുപ്പം എത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാം. അതിന് നല്ലത് ലണ്ടൻ വഴിയോ, ഹോങ്കോംഗ്-ലോസ് ഏഞ്ചൽസ് വഴിയോ .. ഏതാണ് എളുപ്പമെന്നതിനെ കുറിച്ചെല്ലാം സംസാരിക്കാം. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന പാവങ്ങൾ പോയ് തുലയട്ടെ.
കേരളത്തിലെ പോലീസ് വല്ലാതങ്ങ് നമ്പർ വൺ ആകുന്നുണ്ട്. ഒരു അവിവാഹിതയായ യുവതി കാണാമറയത്തായിട്ട് പത്ത് ദിവസത്തിലധികമായി. കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇപ്പോഴത്തെ കാലമാണ്. പലതരം ക്രിമിനലുകളുമുണ്ടാവും. ആ കുട്ടിക്ക് ആപത്തൊന്നും വരാതിരിക്കാൻ പ്രാർഥിക്കാം. എന്നാൽ കേരള പോലീസ് അത്ര മോശക്കാരല്ലെന്ന് സമീപ കാല അനുഭവം തെളിയിക്കുന്നു. മൂന്നാഴ്ച മുമ്പ് ഒരു വിദാൻ അതിരാവിലെ തലശ്ശേരിയിൽ വെച്ച്് ട്രെയിൻ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. പ്രശ്‌നമായി, പരാതിയായി. പോലീസ് സംവിധാനമാകെ ഉണർന്നു പ്രവർത്തിച്ചു. ഇന്റർനെറ്റിലൂടെ കഷ്മലന്റെ പടം പോലീസും ആർപിഎഫും കൈമാറി. മണിക്കൂറുകൾക്കകം അവനെ നീലേശ്വരത്ത് തട്ടുകടയിൽ പ്രാതൽ കഴിക്കുന്നിടത്ത് വെച്ച് പൊക്കി. പിന്നെയുള്ള ഭക്ഷണം കൊടുത്തത് കേരള സർക്കാരാണ്.






