ഏഷ്യാഡുറപ്പിച്ച് എല്‍ദോസും അബൂബക്കര്‍ അബ്ദുല്ലയും

ഭുവനേശ്വര്‍ - ഇന്റര്‍ സ്റ്റെയ്റ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം ഡെക്കാത്തലണില്‍ ചാടിയ തേജസ്വിന്‍ ശങ്കര്‍ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി. ഹൈജമ്പറായ തേജസ്വിന്‍ ആദ്യമായാണ് ഡെക്കാത്തലണില്‍ മത്സരിക്കുന്നത്. തേജസ്വിനും (ദല്‍ഹി) യമന്‍ദീപ് ശങ്കറിനും (രാജസ്ഥാന്‍) പിന്നില്‍ കേരളത്തിന്റെ ഗോകുല്‍ എസാണ് മൂന്നാം സ്ഥാനത്ത്. ഒഡിഷയില്‍ കൊടുംചൂടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 
ട്രിപ്പിള്‍ജമ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകാരായ മലയാളി താരങ്ങള്‍ അബൂബക്കര്‍ അബ്ദുല്ലയെയും (16.88 മീ.) എല്‍ദോസ് പോളിനെയും (16.75 മീ.) മറികടന്ന് പ്രവീണ്‍ ചിത്രവേല്‍ (17.07 മീ.) സ്വര്‍ണം നേടി. ദേശീയ റെക്കോര്‍ഡിനുടമയാണ് പ്രവീണ്‍. അബൂബക്കര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ്. മൂന്നു പേര്‍ക്കും ഏഷ്യാഡിന് യോഗ്യത ലഭിച്ചു. കര്‍ണാടകയുടെ അഖിലേഷിന് മത്സരത്തിനിടെ വീണ് കാലൊടിഞ്ഞു. 
ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, അഗ്‌സര നന്ദിനി എന്നിവരും ഏഷ്യാഡിന്റെ യോഗ്യതാ മാര്‍ക്ക് പിന്നിട്ടു. 
വനിതകളുടെ 100 മീറ്ററില്‍ ചാമ്പ്യനായ ജ്യോതി യാരാജി (ആന്ധ്ര) 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടി. 12.92 സെക്കന്റിലാണ് ജ്യോതി പറന്നെത്തിയത്. 

Latest News