ബേമിംഗ്ഹാം - ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഉസ്മാന് ഖ്വാജയുടെ സെഞ്ചുറിയിലൂടെ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു. ആദ്യ ദിനം അപ്രതീക്ഷിതമായി എട്ടിന് 393 ല്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിക്കറ്റ് പോവാതെ 14 ല്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസിന് 67 റണ്‍സിലെത്തുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഖ്വാജയും (126 നോട്ടൗട്ട്) ട്രാവിസ് ഹെഡും 75 റണ്‍സ് കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി. പിന്നീട് കാമറൂണ്‍ ഗ്രീനുമൊത്ത് മറ്റൊരു 72 റണ്‍സ് ചേര്‍ത്തു. അലക്സ് കാരിയുമായി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹെഡിനെയും ഗ്രീനിനെയും സ്പിന്നര്‍ മുഈന്‍അലി പുറത്താക്കിയ ശേഷമാണ് ഖ്വാജ പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ലീഡ് 90 ലും താഴെയായി. ഓസീസിന് അഞ്ച് വിക്കറ്റ് കൈയിലുണ്ട്
ടെസ്റ്റ് റാങ്കിംഗിലെ ആദ്യ രണ്ടു സ്ഥാനക്കാരായ മാര്‍നസ് ലാബുഷൈനെ ഗോള്‍ഡന്‍ ഡക്കിനും സ്റ്റീവ് സ്മിത്തിനെ 16 റണ്‍സിനും പുറത്താക്കി ഇംഗ്ലണ്ട മേല്‍ക്കൈ നേടിയിരുന്നു. പതിവ് പോലെ ഡേവിഡ് വാണറെ (9) സ്റ്റുവാര്‍ട് ബ്രോഡ് പുറത്താക്കി. പിന്നീട് മുഈനെ ടെസ്റ്റ് റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരന് ഹെഡ് തെരഞ്ഞുപിടിച്ച് ആക്രമിച്ചു. മുഈനെ രണ്ടു തവണ ഖ്വാജയും ഒരിക്കല്‍ ഹെഡും സിക്സറിനുയര്‍ത്തി. ഹെഡിനെ പുറത്താക്കിയ മുഈന്‍ രണ്ട് പന്തിനു ശേഷം ഗ്രീനിന്റെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ജോണി ബെയര്‍സ്റ്റൊ സ്റ്റമ്പിംഗ് ചാന്‍സ് പാഴാക്കി. ഒടുവില്‍ ആരുടെ സഹായവുമില്ലാതെ ഗ്രീനിനെ മുഈന്‍ ബൗള്‍ഡാക്കി.






