നാഷന്‍സ് ലീഗ്: മോഹത്തുമ്പത്ത്‌ മോദ്‌റിച്

നാഷന്‍സ് ലീഗ് ഫൈനല്‍
ക്രൊയേഷ്യ-സ്‌പെയിന്‍
ഞായറാഴ്ച രാത്രി 9.45


റോട്ടര്‍ഡാം - ലൂക്ക മോദ്‌റിച്ചിന്റെ സമ്പന്നമായ ക്രൊയേഷ്യന്‍ കരിയര്‍ ഒരു കിരീടവുമായി അവസാനിപ്പിക്കാനാവുമോ? ലോകകപ്പില്‍ 2018 ല്‍ ഫൈനലും 2022 ല്‍ സെമി ഫൈനലും കളിച്ച ക്രൊയേഷ്യ നാഷന്‍സ് ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഞായറാഴ്ച
സ്‌പെയിനുമായി മാറ്റുരക്കും. റയല്‍ മഡ്രീഡില്‍ ഒരു പതിറ്റാണ്ടിലേറെയായി കളിക്കുന്ന മുപ്പത്തേഴുകാരന് സ്‌പെയിന്‍ ടീമിനെ ഉള്ളും പുറവുമറിയാം. ദേശീയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിലും മോദ്‌റിച് അവസാന ലാപ്പിലാണ്. റയലുമായുള്ള കരിയര്‍ ഈ മാസമവസാനിക്കും.
വെറും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ലോക ഫുട്‌ബോളിലെ വന്‍ശക്തിയാണ്. ഈ കാലയളവില്‍ മൂന്നു തവണ അവര്‍ ലോകകപ്പ് സെമി ഫൈനലിലെത്തി. 2006 ല്‍ അരങ്ങേറിയ മോദ്‌റിച് സ്‌പെയിനിനെതിരെ കളിക്കുന്നത് 166ാമത്തെ മത്സരമായിരിക്കും. 
ആതിഥേയരായ നെതര്‍ലാന്റ്‌സിനെ എക്‌സ്ട്രാ ടൈമില്‍ 4-2 ന് തോല്‍പിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. സ്‌പെയിന്‍ അവസാന മിനിറ്റുകളിലെ ഗോളില്‍ ഇറ്റലിയെ കീഴടക്കി. 
നാഷന്‍സ് ലീഗ് ചാമ്പ്യന്മാരാവാന്‍ സ്‌പെയിനിന് ഇത് രണ്ടാമത്തെ അവസരമാണ്. 2021 ല്‍ ഫ്രാന്‍സിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 2021 ലെ യൂറോ കപ്പിലെ ത്രില്ലിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ സ്‌പെയിന്‍ 5-3 ന് തോല്‍പിച്ചിരുന്നു. രണ്ടു തവണ യൂറോ കപ്പും ഒരിക്കല്‍ ലോകകപ്പും നേടിയ സ്‌പെയിന്‍ യുവനിരയുമായാണ് നാഷന്‍സ് ലീഗ് ജയിക്കാനെത്തിയിരിക്കുന്നത്.  എക്‌സ്ട്രാ ടൈം വീരന്മാരാണ് ക്രൊയേഷ്യ. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെയും ജപ്പാനെയും 2018 ലെ ലോകകപ്പില്‍ ഇംഗ്ലണ്ട്, റഷ്യ, ഡെന്മാര്‍ക്ക് ടീമുകളെയും ഈ ടൂര്‍ണമെന്റില്‍ നെതര്‍ലാന്റ്‌സിനെയും തോല്‍പിച്ചത് എക്‌സ്ട്രാ ടൈമിലാണ്. 

Latest News