പ്രണോയ് സെമിയില്‍ വീണു, സത്വിക്-ചിരാഗ് ഫൈനലില്‍

ജക്കാര്‍ത്ത - ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ വിക്ടര്‍ ആക്‌സല്‍സനോട് നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറഞ്ഞതോടെ മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. എന്നാല്‍ സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം കരിയറിലാദ്യമായി ഒരു മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റില്‍ ഫൈനലിലെത്തി. തെക്കന്‍ കൊറിയയുടെ ലോക രണ്ടാം നമ്പര്‍ വനിതാ താരം ആന്‍ സെ യംഗ് ഈ വര്‍ഷമാദ്യമായി ഒരു ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ മടങ്ങി.  
ഹാട്രിക് കിരീടത്തിനായി പൊരുതുന്ന ആക്‌സല്‍സന്‍ 21-15, 21-15 നാണ് പ്രണോയിയെ കീഴടക്കിയത്. ലോക രണ്ടാം നമ്പറും ആതിഥേയ താരവുമായ ആന്റണി സിനിസുക ഗിന്‍ഡിംഗുമായാണ് ഇരുപത്തൊമ്പതുകാരന്‍ ഫൈനല്‍ കളിക്കുക. ഗിന്‍ഡിംഗ് ചൈനയുടെ ലി ഷി ഫെംഗിനെ തോല്‍പിച്ചു (21-17, 21-15). 
ഈ വര്‍ഷം കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തി അത്യുജ്വല കുതിപ്പ് നടത്തുന്ന ആനിനെ ലോക നാലാം നമ്പര്‍ ചൈനയുടെ ചെന്‍ യൂഫെയാണ് പിടിച്ചുകെട്ടിയത്. 21-8 നാണ് ചെന്‍ ആദ്യ ഗെയിം ജയിച്ചത്. ഈ വര്‍ഷം പരാജയപ്പെട്ട ഒരു ഗെയിമില്‍ ആന്‍ നേടുന്ന കുറഞ്ഞ പോയന്റായിരുന്നു എട്ട്. രണ്ടാം ഗെയിമില്‍ ആന്‍ പൊരുതിയെങ്കിലും ചൈനക്കാരി 21-17 ന് ജയിച്ചു. പരിക്കുമായാണ് ആന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ചത്. തായ്‌ലന്റിന്റെ രചനോക് ഇന്തനോണിനെ 21-12, 21-11 ന് തകര്‍ത്ത സ്‌പെയിനിന്റെ കരൊലൈന മാരിനുമായാണ് ചെന്‍ ഫൈനല്‍ കളിക്കുക. 
പുരുഷ ഡബ്ള്‍സില്‍ ഏഴാം സീഡുകളും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരുമായ സത്വികും ചിരാഗും 17-21, 21-19, 21-18 ന് സീഡില്ലാത്ത മിന്‍ ഹ്യുക് കാംഗ്-സ്യുംഗ് ജേ സ്യോ സഖ്യത്തെ തോല്‍പിച്ചു. രണ്ടാം സീഡുകളായ മലേഷ്യയുടെ ആരണ്‍ ചിയ-വൂയ് യിഗ് സോ സഖ്യവുമായാണ് അവരുടെ ഫൈനല്‍. 

Latest News