Sorry, you need to enable JavaScript to visit this website.

യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യ റഷ്യയെ നേരിട്ട് വിമര്‍ശിക്കാത്തത് ആശങ്കാജനകമെന്ന് യു. എസ് സെനറ്റര്‍മാര്‍

വാഷിംഗ്ടണ്‍- റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ നിലപാടില്‍ രണ്ട് യു. എസ് സെനറ്റര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യന്‍ നിലപാടില്‍ സംശയം പ്രകടിപ്പിച്ച് സെനറ്റര്‍മാര്‍ രംഗത്തെത്തിയത്. 

ഇന്ത്യ നേരിട്ട് റഷ്യയെ വിമര്‍ശിക്കാന്‍ തയ്യാറാകാതെ വിഷയം പരാമര്‍ശിച്ചുപോവുക മാത്രമാണ് ചെയ്യുന്നതെന്നും യു. എസ് സെനറ്റര്‍മാര്‍ ആശങ്കയില്‍ ഉന്നയിച്ചു. 

യു. എസ്- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച വാര്‍ഷിക ഇന്ത്യാ ഐഡിയാസ് ഉച്ചകോടിയില്‍ റഷ്യക്കെതിരെ ഇന്ത്യ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാത്തതില്‍ സെനറ്റ് ഇന്ത്യ കോക്കസിന്റെ രണ്ട് കോ-ചെയര്‍മാരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 

റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോള്‍ ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിച്ചത് നിരാശാജനകമാണെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി ഐ. എ. എന്‍. എസ് റിപ്പോര്‍ട്ട് ചെയ്തു. 

യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ ഒരിക്കലും റഷ്യയെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇരുപക്ഷവും വിരോധം അവസാനിപ്പിക്കാനും സമാധാനപരമായ പരിഹാരത്തിന്റെ ആവശ്യകതയ്ക്കും രാജ്യം നിരന്തരം ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നായും ഇന്ത്യ മാറി.

റഷ്യന്‍ ആയുധങ്ങളിലുള്ള ആശ്രിതത്വമാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമെന്ന് കോര്‍ണിന്‍ അവകാശപ്പെട്ടു. കൂടാതെ ഇന്ത്യക്ക് റീസെറ്റ് ബട്ടണ്‍ അമര്‍ത്തി ഒറ്റ രാത്രികൊണ്ട് 50 വര്‍ഷത്തെ ചരിത്രം പഴയപടിയാക്കാനാകില്ലെന്നും അദ്ദേഹം സമ്മതിച്ചു.

ഇന്ത്യ ശരിക്കും മഹത്തായതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ രാഷ്ട്രങ്ങളിലൊന്നായെന്നും ധാര്‍മികത പോലുള്ള ചില കാര്യങ്ങളില്‍ അവര്‍ക്ക് വ്യക്തമായ നിലപാടില്ലാതെ ഇനി കടന്നുപോകാന്‍ കഴിയില്ലെന്നും സെനറ്റിലെ ജോണ്‍ കോര്‍ണിന്റെ ഡെമോക്രാറ്റ് സഹപ്രവര്‍ത്തകന്‍ മാര്‍ക്ക് വാര്‍ണര്‍ അഭിപ്രായപ്പെട്ടു. പുടിനെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യ പ്രതികരിക്കുന്നില്ല. പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ കാരണം ഇന്ത്യയുടെ ജനാധിപത്യ യോഗ്യത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest News