Sorry, you need to enable JavaScript to visit this website.

തലയുയർത്തി ഇംഗ്ലണ്ട് ; രണ്ട് ഹെഡറുകളിൽ വിജയം

  • ഇംഗ്ലണ്ട് 2-സ്വീഡൻ 0

സമാറ - സോവിയറ്റ് യൂനിയനിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ സമാറയെ ചെഞ്ചായമണിയിച്ച് ഇംഗ്ലണ്ട് കാൽ നൂറ്റാണ്ടിനു ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് പറന്നെത്തി. വിരസമായ മത്സരത്തിൽ അനായാസം സ്വീഡനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ഹാരി കെയ്‌നും കൂട്ടരും ഡേവിഡ് ബെക്കാമിന്റെയും മൈക്കിൾ ഓവന്റെയും ഫ്രാങ്ക് ലംപാഡിന്റെയും സ്റ്റീവൻ ജെറാഡിന്റെയും സുവർണ തലമുറക്ക് സാധിക്കാതിരുന്ന നേട്ടമാണ് സ്വന്തമാക്കിയത്. 2014 ൽ ടീം ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. 1990 ലെ ലോകകപ്പ് സെമിയിൽ ഷൂട്ടൗട്ടിൽ തോറ്റ് പോൾ ഗാസ്‌കോയിൻ കണ്ണീർ തൂകി നിൽക്കുന്ന ചിത്രമാണ് ഇന്നും ഇംഗ്ലണ്ടിനെ വികാരഭരിതമാക്കുന്നത്. ഇരുപാതികളിലായി ഹാരി മഗ്വയറിന്റെയും ഡെലി അലിയുടെയും ഗോളുകളിൽ ക്വാർട്ടർ കടന്ന ഇംഗ്ലണ്ട് ഇത്തവണ അതിനപ്പുറത്തേക്ക് പോകുമോയെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. 
ഇംഗ്ലണ്ടിന്റെ ക്രോസുകളുടെ നിലവാരം ഈ ലോകകപ്പിന്റെ സംസാര വിഷയമാണ്. ഒരിക്കൽ കൂടി സെറ്റ്പീസിൽ നിന്ന് അവർ ഗോൾ നേടി. ഈ ലോകകപ്പിൽ അവരുടെ 11 ഗോളുകളിൽ എട്ടെണ്ണം സെറ്റ്പീസിൽ നിന്നാണ്. തങ്ങൾ ലോകകപ്പ് നേടിയ 1966 ലെ 11 ഗോളുകളുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട്.
പൊതുവെ സുസംഘടിതമായ സ്വീഡന്റെ പ്രതിരോധത്തെ തുടക്കം മുതൽ ഇംഗ്ലണ്ട് അനായാസം തുറന്നെടുത്തു. എങ്കിലും ആദ്യ ഗോളിന് മുപ്പതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കോർണർ കിക്ക് ഹെഡ് ചെയ്താണ് മഗ്വയർ ടീമിന് ലീഡ് സമ്മാനിച്ചത്. കളിക്ക് ഒരു മണിക്കൂർ തികയുന്നതിന് അൽപം മുമ്പ് മറ്റൊരു ഹെഡറിലൂടെ അലി വിജയമുറപ്പിച്ചു. 
സമനില ഗോളിനായി സ്വീഡൻ ശക്തമായി തിരിച്ചടിച്ചപ്പോൾ ഇംഗ്ലണ്ട് ഗോൾമുഖത്ത് ഗോൾകീപ്പർ ജോർദൻ പിക്‌ഫോഡ് അജയ്യനായി നിന്നു. നിരവധി മിന്നുന്ന സെയ്‌വുകളാണ് ഗോളിയിൽ നിന്നുണ്ടായത്. ടൂർണമെന്റിലാദ്യമായി ക്യാപ്റ്റൻ കെയ്‌നിന് സ്‌കോർ ചെയ്യാനായില്ല. 
കൊളംബിയയെ പ്രി ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ തോൽപിച്ച അതേ ടീമിനെയാണ് ഇംഗ്ലണ്ട് ഇറക്കിയത്. വിക്ടർ ക്ലാസന്റെ ഷോട്ട് ഇംഗ്ലണ്ട് ഗോൾമുഖം വിറപ്പിക്കുന്നതു കണ്ടാണ് കളിയാരംഭിച്ചത്. റഹീം സ്റ്റെർലിംഗിന്റെ കുതിപ്പിനൊടുവിൽ കെയ്ൻ തൊടുത്തുവിട്ട ബുള്ളറ്റ് ലക്ഷ്യത്തിൽ നിന്ന് അകന്നു. ക്രമേണ കളി വിരസമായി. ആഷ്‌ലി യംഗിന്റെ കോർണർ അധികം ഉയരമില്ലാത്ത എമിൽ ഫോസ്ബർഗിന് മുകളിലുയർന്ന് മഗ്വയർ ഗോളാക്കി. ഇടവേളക്ക് അൽപം മുമ്പ് സ്റ്റെർലിംഗിന് തുറന്ന രണ്ടവസരങ്ങൾ കിട്ടി. ജോർദാൻ ഹെൻഡേഴ്‌സൻ ഉയർത്തി നൽകിയ പന്ത് സമർഥമായി നിയന്ത്രിക്കുമ്പോൾ സ്റ്റെർലിംഗിന് മുന്നിൽ ഗോളി മാത്രമായിരുന്നു. എന്നാൽ സ്റ്റെർലിംഗിന്റെ കാലിൽ നിന്ന് റോബിൻ ഓൽസൻ പന്ത് റാഞ്ചി. റീബൗണ്ട് വീണ്ടും തിരിച്ചുവിട്ടപ്പോൾ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് ബ്ലോക്ക് ചെയ്തു. 
ആദ്യ പകുതിയിൽ വിശ്രമത്തിലായിരുന്ന ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡിന് രണ്ടാം പകുതിയിൽ പിടിപ്പതു പണിയുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ മാർക്കസ് ബെർഗിന്റെ ഹെഡർ ഗോളി പറന്ന് തട്ടിത്തെറിപ്പിച്ചു. ഒരുമിച്ചിറങ്ങി നിന്ന് സമ്മർദ്ദത്തെ നിർവീര്യമാക്കിയ ഇംഗ്ലണ്ട് അമ്പത്തൊമ്പതാം മിനിറ്റിൽ ലീഡുയർത്തി. ജെസി ലിൻഗാഡിന്റെ ക്രോസ് ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന അലി വലയിലേക്ക് തൊടുത്തുവിട്ടു. ഇംഗ്ലണ്ടിന് ലോകകപ്പിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി ഇരുപത്തിരണ്ടുകാരൻ.
പിന്നീട് രണ്ടു തവണ പിക്‌ഫോഡ് ഒന്നാന്തരം സെയ്‌വുകളിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് കാത്തു. ക്ലാസൻ നിലംപറ്റെ അടിച്ച ഷോട്ട് വിരൽതലപ്പ് കൊണ്ട് വഴിതിരിച്ചുവിട്ട ഗോളി പിന്നീട് ബെർഗിന്റെ വെടിയുണ്ട കുത്തിയുയർത്തി. 
 

Latest News