അന്നസ്ര്‍ പറഞ്ഞുവിട്ട ഗാര്‍സിയ നാപ്പോളി കോച്ച്

നേപ്പ്ള്‍സ് -  നാപ്പോളിയെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ശേഷം സ്ഥാനമൊഴിഞ്ഞ ലൂസിയാനൊ സ്പലേറ്റിക്കു പകരം ഫ്രഞ്ചുകാരനായ റൂഡി ഗാര്‍സിയ പരിശീലകനായി ചുമതലയേറ്റു. നേരത്തെ റോമയുടെ കോച്ചായിരുന്നു അമ്പത്തൊമ്പതുകാരന്‍. ഡിയേഗൊ മറഡോണ കളിച്ച കാലത്തു മാത്രമാണ് മുമ്പ് നാപ്പോലി ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയത്. ഏപ്രിലില്‍ സൗദി അറേബ്യയിലെ അന്നസ്ര്‍ ക്ലബ്ബ് പുറത്താക്കിയ ശേഷം ഗാര്‍സിയ തൊഴില്‍രഹിതനായിരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ടീമില്‍ ചേര്‍ന്നതിനു പിന്നാലെയായിരുന്നു അന്നസ്ര്‍ ഗാര്‍സിയയെ ഒഴിവാക്കിയത്. 
2011 ല്‍ ലില്ലിന് ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് കപ്പും നേടിക്കൊടുത്തിരുന്നു അദ്ദേഹം. നാപ്പോളിക്ക് കിരീടം നേടിക്കൊടുത്ത കളിക്കാരെ നിലനിര്‍ത്തുകയായിരിക്കും ഗാര്‍സിയയുടെ പ്രധാന വെല്ലുവിളി. സെന്റര്‍ ബാക്ക് കിം  മിന്‍ ജേ, സ്റ്റാര്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിംഹന്‍ എന്നിവര്‍ക്കായി വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.
 

Latest News