ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കില്ലെന്ന് സംശയം

ലാഹോര്‍ - ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന കാര്യം കനത്ത അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ ലോകകപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജം സേത്തി പറഞ്ഞു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ച് ലോകകപ്പിന്റെ കരട് മത്സരക്രമം തയാറാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത് അംഗീകരിക്കാനാവില്ലെന്ന് പി.സി.ബി അധ്യക്ഷന്‍ വ്യക്തമാക്കി ഇക്കാര്യം ഐ.സി.സിയെ അറിയിച്ചിട്ടുണ്ടെന്ന് നജം സേത്തി പറഞ്ഞു. 
ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കണമോയെന്ന് അവരുടെ സര്‍ക്കാര്‍ നിശ്ചയിക്കുന്നതു പോലെ ഞങ്ങളുടെ കാര്യവും സര്‍ക്കാരാണ് തീരുമാനിക്കുക. അഹമ്മദാബാദില്‍ കളിക്കുമോയെന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. സമയമാവുമ്പോള്‍ ആദ്യം തീരുമാനിക്കേണ്ടത് ഇന്ത്യയില്‍ കളിക്കാന്‍ അനുമതി കിട്ടുമോയെന്നാണ്. അതിനു ശേഷമേ എവിടെ കളിക്കൂ എന്ന് തീരുമാനിക്കാനാവൂ. ആ രണ്ട് തീരുമാനങ്ങളും പാക്കിസ്ഥാന്‍ സര്‍ക്കാരാണ് എടുക്കേണ്ടത് -സേത്തി പറഞ്ഞു. 
2016 ലെ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിച്ചിരുന്നു. അതാണ് പാക്കിസ്ഥാന്‍ ടീമിന്റെ ഇന്ത്യയിലെ അവസാന മത്സരം. ഇത്തവണ അഹമ്മദാബാദ് ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വേദികളില്‍ പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമെന്നാണ് കരുതിയത്. 
 

Latest News