ബെയ്ജിംഗ് - ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലിയണല്‍ മെസ്സി ഗോള്‍ നേടിയത് എണ്‍പത്തൊന്നാം സെക്കന്റില്‍. നീലയും വെള്ളയും ജഴ്‌സിയില്‍ മെസ്സിയുടെ വേഗമേറിയ ഗോളാണ് ഇത്. കളി 2-0 ന് അര്‍ജന്റീന ജയിച്ചു. എന്‍സൊ ഫെര്‍ണാണ്ടസിന്റെ പാസുമായി രണ്ട് ഡിഫന്റര്‍മാരെ വെട്ടിച്ചാണ് മെസ്സി ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടോടെ ഗോളിയെ കീഴടക്കിയത്. അര്‍ജന്റീനക്കു വേണ്ടി തുടര്‍ച്ചയായ ഏഴാമത്തെ കളിയിലാണ് മെസ്സി സ്‌കോര്‍ ചെയ്യുന്നത്. ബെയ്ജിംഗില്‍ അറുപത്തെട്ടായിരത്തോളം പേര്‍ കളി കാണാനെത്തി. രണ്ടാം പകുതിയില്‍ റോഡ്രിഗൊ ദെ പോളിന്റെ ക്രോസില്‍ നിന്ന് പകരക്കാരന്‍ ജെര്‍മാന്‍ പസെല്ലയുടെ ഹെഡര്‍ അര്‍ജന്റീനയുടെ ലീഡുയര്‍ത്തി.
മത്സരത്തിനിടെ മെസ്സിയുടെ ജഴ്‌സിയിട്ട ആരാധകന്‍ ഗ്രൗണ്ടിലിറങ്ങുകയും താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. സെന്റര്‍ സര്‍ക്കിളിലേക്ക് ഓടി ഗോളി എമിലിയാനൊ മാര്‍ടിനേസിനെ ഹൈ ഫൈവ് ചെയ്യുകയും ചെയ്യുകയും ചെയ്തു. സുരക്ഷാ സേനയെ വെട്ടിച്ച ഇയാള്‍ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ ഇടയിലേക്ക് ഓടിക്കയറുകയും അവര്‍ പിടിച്ച് പോലീസിനെ ഏല്‍പിക്കുകയും ചെയ്തു.






