ന്യൂദല്‍ഹി - വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ബി.സി.സി.ഐയെ പോലും അമ്പരപ്പിക്കുന്ന വേഗത്തില്‍ സുഖം പ്രാപിക്കുന്നു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റിഷഭിന്റെ ചികിത്സ പുരോഗമിക്കുന്നത്. ഡിസംബറില്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം കഴിഞ്ഞെത്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റിഷഭ് അപകടത്തില്‍ പെട്ടത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കുമ്പോഴേക്കും റിഷഭിനെ തിരിച്ചുകൊണ്ടുവരാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഊന്നുവടിയുടെ സഹായമില്ലാതെ റിഷഭ് നടക്കാനാരംഭിച്ചിട്ടുണ്ട്. പരസഹായമില്ലാതെ ഏണി കയറാനും സാധിക്കുന്നുണ്ട്. ഇപ്പോള്‍ വേദനയില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനാവുന്നു. കളിക്കാനുള്ള കായികക്ഷമത എപ്പോള്‍ ആര്‍ജിക്കും എന്ന് പറയാറായിട്ടില്ല.
പുറംവേദന കാരണം ശസ്ത്രക്രിയക്ക് വിധേയരായ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തുടരുന്നുണ്ട്. ഇരുവര്‍ക്കും ഐ.പി.എല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. സെപ്റ്റംബറിലെ ഏഷ്യാ കപ്പില്‍ രണ്ടു പേര്‍ക്കും കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.






