ചെമ്പടക്ക് കൊലച്ചിരി; ബെൽജിയം-ഫ്രാൻസ് സെമി

ബെൽജിയത്തോട് തോറ്റ നിരാശയിൽ ബ്രസീലിന്റെ നെയ്മാർ.
ലോകകപ്പ് ഫുട്‌ബോളിന്റെ ബെൽജിയത്തിനെതിരായ ക്വാർട്ടറിൽ ബ്രസീലിന്റെ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോൾ.

കസാൻ - കിരീടത്തിലേക്കുള്ള വഴിയിൽ എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ ഒന്നൊന്നായി നിലംപൊത്തിയപ്പോൾ ഉള്ളിൽ ചിരിച്ച ബ്രസീലിനെ വകവരുത്തി ലോകകപ്പ് ഫുട്‌ബോളിൽ ബെൽജിയത്തിന്റെ ചെമ്പട സൂപ്പർ അട്ടിമറിയുടെ അമിട്ടിന് തിരികൊളുത്തി. നെയ്മാറും ഗബ്രിയേൽ ജെസ്യൂസും വില്യനും ഫെലിപ്പെ കൗടിഞ്ഞോയുമൊക്കെ അണിനിരന്ന മഞ്ഞയുടെ മുന്നണിപ്പട കസാൻ അരീനയിൽ ബെൽജിയത്തിന്റെ ചെമ്പടക്കു മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. ഫെർണാണ്ടിഞ്ഞോയുടെ സെൽഫ് ഗോളും കെവിൻ ഡിബ്രൂയ്‌നെയുടെ കിടിലൻ ലോംഗ്‌റെയ്ഞ്ചറും ആദ്യ പകുതിയിൽ തന്നെ ബെൽജിയത്തെ 2-0 ന് മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയിൽ ബ്രസീൽ നിരന്തരം ആക്രമിച്ചപ്പോൾ ഏതു നിമിഷവും ഗോൾ വീഴുമെന്ന് തോന്നി. എന്നാൽ കാൽ മണിക്കൂർ മാത്രം ശേഷിക്കെ റെനാറ്റൊ അഗസ്റ്റോയിലൂടെ ഒരു ഗോൾ മടക്കാനേ ബ്രസീലിന് സാധിച്ചുള്ളൂ. 
ബ്രസീലിന്റെ ആക്രമണങ്ങളോടെയാണ് കളിക്ക് ജീവൻ വെച്ചത്. ഒന്നായി ആക്രമിച്ച് തുടക്കത്തിൽ തന്നെ ഗോളടിക്കുകയായിരുന്നു ബ്രസീൽ തന്ത്രം. തിയാഗൊ സിൽവയുടെ ഷോട്ട് പോസ്റ്റിന് തട്ടിയാണ് ഗോളാവാതെ പോയത്. പലതവണ ബെൽജിയം ഗോൾമുഖം വിറച്ചു. എന്നാൽ ബെൽജിയത്തിന്റെ പ്രത്യാക്രമണങ്ങളൊക്കെ ബ്രസീൽ ബോക്‌സിലെത്തി. പ്രത്യേകിച്ചും ബ്രസീലിന്റെ വലതു വിംഗ് ദുർബലമായിത്തോന്നി. പതിമൂന്നാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് ഫെർണാണ്ടിഞ്ഞോയുടെ സെൽഫ് ഗോൾ ബ്രസീലിനെ ഞെട്ടിച്ചു. നാസർ ഷാദ്‌ലിയുടെ കോർണർ വിൻസന്റ് കോമ്പനി തിരിച്ചുവിട്ടത് ഫെർണാണ്ടിഞ്ഞോയുടെ ചുമലലിൽ തട്ടിത്തിരിഞ്ഞ് വലയിൽ കയറുകയായിരുന്നു. മുപ്പത്തൊന്നാം മിനിറ്റിൽ ഡിബ്രൂയ്‌നെ ലീഡ് വർധിപ്പിച്ചു. ബെൽജിയം ഏരിയയിൽ കോർണർ കിക്ക് രക്ഷിച്ച ശേഷം റൊമേലു ലുകാകു തുടങ്ങിവെച്ച മിന്നൽ പ്രത്യാക്രമണത്തിൽ നിന്നായിരുന്നു ഗോൾ. മൈതാന മധ്യത്തിലൂടെ 30 മീറ്ററോളം കുതിച്ച ലുകാകു വശങ്ങളിലൂടെ കുതിച്ച ഡിബ്രൂയ്‌നെക്ക് പാസ് ചെയ്തു. ഡിബ്രൂയ്‌നെ നിലംപറ്റെ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് മുഴുനീളം ചാടിയ ആലിസന് ഒരവസരവും നൽകാതെ വലയിൽ ഇടിമുഴക്കം സൃഷ്ടിച്ചു. 
മത്സരത്തിലേക്ക് തിരിച്ചുവരാൻ ആദ്യ പകുതിയിൽ തന്നെ ബ്രസീലിന് അവസരമുണ്ടായിരുന്നു. മുപ്പത്തേഴാം മിനിറ്റിൽ ബോക്‌സിനു പുറത്തു നിന്ന് കൗടിഞ്ഞൊ വളച്ചുവിട്ട പന്ത് ബെൽജിയം ഗോളി തിബൊ കോർട്‌വ തട്ടിത്തെറിപ്പിച്ചു. 
രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി ബ്രസീൽ നിരന്തരം ആക്രമിച്ചു. ബെൽജിയം ഒന്നായി ഇറങ്ങി നിന്ന് പ്രതിരോധിച്ചു. പ്രതിരോധം പരാജയപ്പെട്ട ഘട്ടങ്ങളിൽ കോർട്‌വയുടെ കരങ്ങൾ പലതവണ ബെൽജിയത്തിന് കാവലേകി. പ്രതിരോധം മറന്നുള്ള ബ്രസീലിന്റെ ആക്രമണം അപകടം വിതക്കേണ്ടതായിരുന്നു. എഡൻ ഹസാഡിന്റെ ഷോട്ട് തലനാരിഴക്കാണ് ലക്ഷ്യം തെറ്റിയത്. 
കളി തീരാൻ 14 മിനിറ്റ് ശേഷിക്കെ ബ്രസീലിന്റെ നിരന്തര ശ്രമങ്ങൾ ഫലം കണ്ടു. വലതു വിംഗിലൂടെ ബോക്‌സിൽ കയറി കൗടിഞ്ഞൊ ചെത്തിയുയർത്തിയ പന്ത് ഗ്രൗണ്ടിലേക്ക് അതിശക്തമായി ഹെഡ് റെനാറ്റൊ അഗസ്റ്റൊ ഹെഡ് ചെയ്തത് കോർട്‌വയുടെ ഡൈവിനും രക്ഷിക്കാനായില്ല. അതോടെ ബെൽജിയം ഉണർന്നു. ഇരുവശത്തേക്കും പന്ത് നിരന്തരം കയറിയിറങ്ങി. പത്ത് മിനിറ്റ് മാത്രം ശേഷിക്കെ സമനില ഗോൾ നേടാൻ അഗസ്റ്റോക്ക് അവസരം കിട്ടി. ബെൽജിയം പ്രതിരോധം ചിതറിയ ഘട്ടത്തിൽ അഗസ്റ്റോയുടെ ഷോട്ട് ഗോളി നോക്കിനിൽക്കെ തലനാരിഴക്ക് അകന്നു. 

Latest News