Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുനയില്ലാത്ത വാരിക്കുന്തവുമായി ഫ്രാൻസിനെ നേരിടാനാകില്ല

എഡിൻസൻ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോൾ തന്നെ ഉറുഗ്വേ  ഫ്രാൻസ് മാച്ചിന്റെ വിധി നേരത്തെ ഉറപ്പിച്ചിരുന്നു. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാൻസിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാർ തോൽപ്പിക്കണമെങ്കിൽ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയിൽ വാശിയേറിയ ഒരു ഹൈവോൾട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാൻസ് ജയിച്ചതിലുള്ള സന്തോഷം.

4-4-2 പദ്ധതിയിൽ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യൻ സ്റ്റുവാനി, ക്ലിനിക്കൽ സ്‌െ്രെടക്കർ എന്ന പദത്തിന്റെ നേർരൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല.. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോൾ തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാൻ ഫ്രാൻസിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവർ ഭീഷണിയുയർത്തി. ആദ്യ കാൽമണിക്കൂർ പിന്നിട്ടയുടൻ ഗിറൂദ് ഹെഡ്ഡ് ചെയ്തു നൽകിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സിൽ ഫ്രീയായി നിൽക്കുകയെന്നാൽ അതിനർത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാൻ ആകാശനീലക്കാർക്കു കഴിഞ്ഞു. ഒരു ഘട്ടത്തിൽ അയാളുടെ വേഗതക്കു മുന്നിൽ സ്വന്തം ടീമംഗങ്ങൾ വരെ തോൽക്കുന്നതും കണ്ടു.

ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എൻഗോളോ കാന്റെ-  പോൾ പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാൻ ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവർ നാന്റെസ്  സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂർ  സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോൾ ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകൾ ബോക്‌സിൽ വെച്ച് നിർവീര്യമാക്കപ്പെടുമ്പോൾ കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നില്ല.

ഫ്രാൻസിന്റെ ആദ്യഗോളിലെ പകുതി മാർക്കും ഗ്രീസ്മന്റെ ലളിതമായ സാമർത്ഥ്യത്തിനു നൽകണം. ഫ്രികിക്ക് ചെയ്യാൻ വരുമ്പോൾ വെറുതെ ഒന്നോങ്ങി അയാൾ ഉറുഗ്വേ ഡിഫൻസിനെ കാറ്റത്തെ നെൽച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാൻ നീങ്ങിച്ചെന്നതും ഗ്രീസ്മൻ പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡർ, ഒരു നിമിഷാർധം മുമ്പോ ശേഷമോ ആയിരുന്നെങ്കിൽ പ്രതിരോധക്കാരന്റെ തലയിൽ തട്ടി ഉയരേണ്ടതായിരുന്നു.

രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോൾകീപ്പർക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാർധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാൻ നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മൻ തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീൽഡ് കളിക്കാരുടെ പിഴവുകൾ ആരാധകർ പെട്ടെന്നു മറക്കും; അവർ സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങൾ അവർ എന്നും ഓർത്തുവെക്കുകയും ചെയ്യും. ഗോൾകീപ്പർമാരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ഗോൾ നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവർ ഓർമിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.

എൻഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റർസെപ്ഷനിലും റിക്കവറിയിലും അയാൾ ഇന്നും തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. കാന്റെയുടെ കാലിൽനിന്നു പുറപ്പെടുന്ന 50:50 ചാൻസുള്ള പാസുകൾ പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യൻ ലഭിച്ചപ്പോൾ അയാൾ ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകൾ പോലും വിഫലമാക്കിയത്. ക്ഷണവേഗത്തിൽ കളിയുടെ ഗതിമാറ്റി വിടുന്ന അയാൾക്ക് തുല്യനായി ലോകഫുട്‌ബോളിൽ ഇന്നൊരു കളിക്കാരനുമില്ല.
 

Latest News