ചൈനയില്‍ മെസ്സി മത്സരം, കാണാന്‍ 70,000 പേര്‍

സോള്‍ - ലിയണല്‍ മെസ്സിയെ കാണാനായി ചൈനീസ് ഫുട്‌ബോള്‍ ആരാധകരുടെ കുത്തൊഴുക്ക്. ഓസ്‌ട്രേലിയയും ലോകകപ്പ് ചാമ്പ്യന്മാരായ മെസ്സിയുടെ അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം കാണാന്‍ ഇന്ന് ബെയ്ജിംഗിലെ വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തില്‍ എഴുപതിനായിരത്തോളം പേര്‍ ഒഴുകിയെത്തും. 80 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. മെസ്സിയും അര്‍ജന്റീനാ ടീമും എത്തിയതു മുതല്‍ കളിക്കാരെ കാണാനുള്ള എല്ലാ അവസരത്തിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. മെസ്സി പി.എസ്.ജി വിട്ടതും ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതും ഇനി ലോകകപ്പ് കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചതുമൊക്കെ ചൈനയില്‍ വന്‍ വാര്‍ത്തയായി. 
നാലു ദിവസത്തിനു ശേഷം അര്‍ജന്റീന ടീം ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യ ടീമുമായും കളിക്കുന്നുണ്ട്. യുവ കളിക്കാരുമായാണ് അര്‍ജന്റീനയെ നേരിടുകയെന്ന് ഓസ്‌ട്രേലിയ കോച്ച് ഗ്രഹാം ആര്‍ണള്‍ഡ് പറഞ്ഞു. ലോകകപ്പ് പ്രിക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന 2-1 ന് തോല്‍പിച്ചിരുന്നു. ഇത്തവണ അടുത്ത ഏഷ്യന്‍ കപ്പിനുള്ള ഒരുക്കമായാണ് ഓസ്‌ട്രേലിയ ഈ മത്സരത്തെ കാണുന്നത്. അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ടിനായി യുവ താരങ്ങളെ ഒരുക്കേണ്ടതുമുണ്ട്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയും സിറിയയും ഉസ്‌ബെക്കിസ്ഥാനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഓസ്‌ട്രേലിയ. 
ഇറ്റലിയില്‍ കളിക്കുന്ന ഡിഫന്റര്‍ അലസാന്ദ്രൊ സിര്‍സാറ്റി, മെല്‍ബണ്‍ സിറ്റി ഗോള്‍കീപ്പര്‍ തോമസ് ഗ്ലോവര്‍ എന്നിവരെ ടീമിലുള്‍പെടുത്തി ഓസ്‌ട്രേലിയ ജിയാനി സ്‌റ്റെന്‍സ്‌നസിനെയും ഡെനിസ് ജെന്റൂവിനെയും തിരിച്ചുവിളിച്ചു. 

Latest News