പാരിസ് - പി.എസ്.ജിയില്‍ 2024 സീസണിനു ശേഷം തുടരില്ലെന്ന് കീലിയന്‍ എംബാപ്പെ ആവര്‍ത്തിച്ചു വ്യക്തമാക്കി. 2024 വരെയാണ് എംബാപ്പെയും ക്ലബ്ബും തമ്മില്‍ കരാര്‍. അതിനു ശേഷം ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ കരാര്‍ ഒരു വര്‍ഷം വരെ നീട്ടാം. എന്നാല്‍ ഒരു വര്‍ഷം കൂടി നീട്ടുമോയെന്ന കാര്യം ജൂലൈ അവസാനത്തോടെ തീരുമാനിക്കണം. അത്തരം ഒരു ചര്‍ച്ചയും ഇപ്പോഴില്ലെന്ന് എംബാപ്പെ വ്യക്കമാക്കി. ഇതോടെ എംബാപ്പെ വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയേറി. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിലവിലെ ട്രാന്‍സ്ഫര്‍ ജാലകം. 2024 സീസണ് തീരുന്നതുവരെ കാത്തിരുന്നാല്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായ എംബാപ്പെയുടെ പേരില്‍ ഒരു പൈസ പോലും ട്രാന്‍സ്ഫര്‍ തുക പി.എസ്.ജിക്ക് കിട്ടില്ല. എംബാപ്പെയെ പാരിസില്‍ പിടിച്ചുനിര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.
ക്ലബ്ബില്‍ തുടരാന്‍ താല്പര്യമില്ലെന്നു കാട്ടി എംബാപ്പെ എഴുതിയ കത്ത് ആരാണ് പുറത്തുവിട്ടതെന്നത് ചര്‍ച്ചയായിട്ടുണ്ട്. എംബാപ്പെയെ കൈമാറാന്‍ പി.എസ്.ജി എങ്ങനെയും തയാറാവുമെന്ന കാര്യം വ്യക്തമായതോടെ ട്രാന്‍സ്ഫര്‍ തുകയില്‍ കുത്തനെ കുറവുണ്ടാവും.
കത്ത് പരസ്യമായതില്‍ ദുഃഖം പ്രകടിപ്പിച്ച് എംബാപ്പെ പ്രസ്താവന ഇറക്കി. തന്റെ പ്രതിഛായ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എംബാപ്പെ കരാര്‍ പുതുക്കിയത്. 2017 ല്‍ പതിനേഴാം വയസ്സിലാണ് മോണകോയില്‍ നിന്ന് എംബാപ്പെ പി.എസ്.ജിയില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എംബാപ്പെ കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ലീഗിലെ ടോപ്സ്കോററായിരുന്നു.






