മെസ്സിയെ അപമാനിച്ചതിനെതിരെ ആഞ്ഞടിച്ച് എംബാപ്പെ

പാരിസ് - പാരിസ് സെയ്ന്റ് ജര്‍മാനിലായിരിക്കെ ലിയണല്‍ മെസ്സിയെ ഫ്രാന്‍സ് അപമാനിച്ചതിനെതിരെ ആഞ്ഞടിച്ച് സഹ താരമായിരുന്ന കീലിയന്‍ എംബാപ്പെ. അവസാന കാലത്ത് മെസ്സിയെ പി.എസ്.ജി ആരാധകരില്‍ ചിലര്‍ നിരന്തരമായി കൂവിയിരുന്നു. വിടവാങ്ങല്‍ മത്സരത്തില്‍ പോലും മെസ്സിയെ അവര്‍ വെറുതെവിട്ടില്ല. മെസ്സി കൂടുതല്‍ ബഹുമാനം അര്‍ഹിച്ചിരുന്നുവെന്ന് ഫ്രാന്‍സിനെ എംബാപ്പെ ഓര്‍മിപ്പിച്ചു. 
ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരിലൊരാളെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസ്സിയെ പോലൊരാള്‍ പിരിഞ്ഞുപോവുന്നത് നല്ല വാര്‍ത്തയല്ല. മെസ്സി ക്ലബ്ബ് വിടുന്നുവെന്നറിഞ്ഞപ്പോള്‍ ഇത്രയധികം പേര്‍ക്ക് ആശ്വാസം തോന്നിയെന്ന വാര്‍ത്ത എനിക്ക് മനസ്സിലാക്കാനേ ആവുന്നില്ല. ലജ്ജാകരമാണ് ഇത് -എംബാപ്പെ പറഞ്ഞു.
ഈ സീസണില്‍ റയല്‍ മഡ്രീഡിലേക്ക് ട്രാന്‍സ്ഫര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു സീസണ്‍ കൂടി പി.എസ്.ജിയില്‍ കളിക്കാന്‍ തയാറാണെന്നും എംബാപ്പെ വ്യക്തമാക്കി. 
 

Latest News