Sorry, you need to enable JavaScript to visit this website.

വ്യത്യസ്തമായ പോരാട്ടത്തിന്റെ പാതയിലൂടെ ക്രൊയേഷ്യയും റഷ്യയും

  • റഷ്യ x  ക്രൊയേഷ്യ , സോചി ഫിഷ്റ്റ് സ്റ്റേഡിയം, രാത്രി 9.00

സോചി - ആതിഥേയർ ക്രൊയേഷ്യക്ക് എന്നും കടമ്പയാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ക്വാർട്ടറിൽ ഇത്തവണ റഷ്യ അവരുടെ വഴി മുടക്കുമോ? പ്രി ക്വാർട്ടറിൽ പെനാൽട്ടി ഷൂട്ടൗട്ടിന്റെ നൂൽപാലം കടന്നെത്തിയ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ഫിഷ്റ്റ് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയുമുണ്ടാവും. സോചിയിലെ അവസാന ലോകകപ്പ് മത്സരം റഷ്യ അവിസ്മരണീയമാക്കുമോ? ഈ ലോകകപ്പിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾക്ക് വേദിയായ സ്റ്റേഡിയമാണ് ഇത്. ആതിഥേയ ടീമിനെ സെമിയിലേക്ക് യാത്രയാക്കി മത്സരങ്ങൾക്ക് തിരശ്ശീലയിടാനാണ് സോചി ആഗ്രഹിക്കുന്നത്.
വ്യത്യസ്തമായ പോരാട്ടത്തിന്റെ പാതയിലൂടെയാണ് ക്രൊയേഷ്യയും റഷ്യയും ക്വാർട്ടറിലേക്ക് വഴിതുറന്നത്. സ്‌പെയിനിനെതിരെ ഏതാണ്ട് മുഴുസമയവും പ്രതിരോധിക്കുകയായിരുന്നു റഷ്യ. ഗോൾമുഖം പ്രതിരോധിക്കാനുള്ള അവരുടെ വീരോചിത പോരാട്ടം അവസാനം വിജയം കാണുകയായിരുന്നു. ഷൂട്ടൗട്ടിൽ ടീം അദ്ഭുതം കാട്ടുകയും ചെയ്തു. 
ക്രൊയേഷ്യയെ ഡെന്മാർക്കും ഷൂട്ടൗട്ട് വരെ പിടിച്ചുനിർത്തി. അമ്പരപ്പിക്കുന്ന തുടക്കമായിരുന്നു ആ മത്സരത്തിന്. ആദ്യ അഞ്ചു മിനിറ്റിനിടയിൽ ഇരു ടീമുകളും ഗോളടിച്ചു. എന്നാൽ കളി പുരോഗമിക്കുന്തോറും ഡെന്മാർക്കിന്റെ ചെറുത്തുനിൽപിന് മുന്നിൽ ആശങ്കാകുലമായ നിമിഷങ്ങൾ അതിജീവിക്കേണ്ടി വന്നു ക്രൊയേഷ്യക്ക്. ആശങ്കയുടെ മുൾമുനയിലൂടെ കടന്നുപോയ ശേഷം വൈകാരികമായി തളർന്നാണ് ഇന്ന് ടീമുകൾ വീണ്ടും അണിനിരക്കുക. ഏത് ടീമിനാണ് ആവേശം വീണ്ടെടുക്കാനാവുക?
ഓരോ പൊസിഷനിലും ടീം മൊത്തത്തിലും പ്രതിഭകളാൽ സമ്പന്നമാണ് ക്രൊയേഷ്യൻ ടീം. താഴെ അർധപകുതിയിൽ അവശേഷിക്കുന്ന ഏറ്റവും മികച്ച ടീമാണ് ക്രൊയേഷ്യ. ഒന്നാന്തരമാണ് അവരുടെ മധ്യനിര. ലൂക്ക മോദ്‌റിച് ടൂർണമെന്റിലെ തന്നെ മികച്ച മിഡ്ഫീൽഡറാണ്. ക്രൊയേഷ്യൻ ടീമിലെ 16 പേർ യൂറോപ്പിലെ വൻ ലീഗുകളിൽ കളിക്കുന്നുണ്ട്. ആ പ്രതിഭാസമ്പത്ത് മറികടക്കാൻ റഷ്യക്ക് ഒരിക്കൽകൂടി ആതിഥേയ ഗാലറിയുടെ പൂർണ പിന്തുണ വേണ്ടി വരും. 
സ്‌പെയിനിനെ ഞെട്ടിക്കാൻ അവരെ സഹായിച്ചത് ഗാലറി നൽകിയ ആവേശം കൊണ്ടു കൂടിയാണ്. പക്ഷെ ആ അപ്രതീക്ഷിത വിജയം ചരിത്രമായിക്കഴിഞ്ഞു. മറ്റൊരു കടമ്പയായി ക്രൊയേഷ്യ അവരുടെ മുന്നിലുണ്ട്. ക്രൊയേഷ്യക്കെതിരെ ലെഫ്റ്റ് വിംഗിൽ യൂറി ഷിർകോവ് ഉണ്ടാവില്ലെന്നത് റഷ്യക്ക് വലിയ ക്ഷീണമാണ്. ഷിർകോവിന് പരിക്കാണ്. 
1998 ലെ അരങ്ങേറ്റത്തിലെ അവിസ്മരണീയ മുന്നേറ്റം ആവർത്തിക്കാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്. ഡാവർ സുകേറിന്റെയും കൂട്ടരുടെയും കുതിപ്പ് ഫ്രാൻസിൽ മൂന്നാം സ്ഥാനത്താണ് അവസാനിച്ചത്. 
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യൻ നിര ത്രസിപ്പിക്കുന്ന കളിയാണ് കാഴ്ചവെച്ചത്. ലിയണൽ മെസ്സിയുടെ അർജന്റീനയും അഹ്മദ് മൂസയുടെ നൈജീരിയയും സർവം നൽകി പ്രതിരോധിക്കുന്ന ഐസ്‌ലന്റും ആ കുതിപ്പിന് മുന്നിൽ അടിയറവ് പറഞ്ഞു. എന്നാൽ പ്രി ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ ആ നിലവാരം പുലർത്താനായില്ല. സന്ദർഭത്തിന്റെ ഭാരം അവരെ ബാധിച്ചതു പോലെ തോന്നി. റഷ്യക്കെതിരെ സംയമനത്തോടെ കളിക്കാൻ ക്രൊയേഷ്യക്ക് സാധിക്കുമോ? 
അഞ്ചാം ലോകകപ്പ് കളിക്കുന്ന ക്രൊയേഷ്യ മൂന്നാം തവണയാണ് ആതിഥേയ ടീമിനെതിരെ ചെന്നുപെടുന്നത്. 1998 ലെ സെമി ഫൈനലിൽ ഫ്രാൻസിനോട് 1-2 ന് തോറ്റു. 2014 ലെ ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ അവരെ 1-3 ന് കശക്കി. 
ലോകകപ്പിന് മുമ്പ് സ്ലാറ്റ്‌കൊ ദാലിച് കോച്ചായി ചുമതലയേറ്റ ശേഷം ആദ്യം ചെയ്ത ജോലികളിലൊന്ന് ആന്റി റെബിച്ചിനെ തിരിച്ചുകൊണ്ടുവരികയാണ്. 
അത് വലിയ ഗുണം ചെയ്തു. സ്‌ട്രൈക്കർ നിക്കോള കാലിനിച്ചിനെ അച്ചടക്കലംഘനത്തിന് തിരിച്ചയക്കേണ്ടി വന്നതൊന്നും ടീമിലെ ഐക്യത്തെ ബാധിച്ചില്ല. 
 

Latest News