Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിന്റെയും സ്വീഡന്റെയും കാൽനൂറ്റാണ്ടിന്റെ  കാത്തിരിപ്പ്‌

  • സ്വീഡൻ x ഇംഗ്ലണ്ട് 
  • സമാറ അരീന, വൈകു: 5.00

സമാറ - ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിൽ ഒരു സ്ഥാനം. ഇംഗ്ലണ്ടിന്റെയും സ്വീഡന്റെയും കാൽനൂറ്റാണ്ട് നീളുന്ന കാത്തിരിപ്പാണ് അത്. ഒരു ടീമിന് ഇന്ന് ആ സ്വപ്‌നം യാഥാർഥ്യമാവും. 1994 ലാണ് സ്വീഡൻ അവസാനമായി ലോകകപ്പ് സെമി ഫൈനൽ കളിച്ചത്. അത്തവണ അവർ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ അവസാന ലോകകപ്പ് സെമി ഫൈനൽ 1990 ലാണ്. ഇറ്റലിയിലെ ലോകകപ്പിൽ നാലാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്. 
സ്വിറ്റ്‌സർലന്റിനെതിരെ കഷ്ടപ്പെട്ട് നേടിയ 1-0 വിജയത്തിലൂടെയാണ് സ്വീഡൻ മുന്നേറിയത്. എമിൽ ഫോസ്ബർഗിന്റെ ഷോട്ട് തട്ടിത്തിരിഞ്ഞ് ഗോളാവുകയായിരുന്നു. കൊളംബിയക്കെതിരെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ വഴങ്ങിയതിന്റെ മാനസികാഘാതം മാത്രമല്ല ഇംഗ്ലണ്ട് മറികടന്നത്. പ്രധാന ടൂർണമെന്റുകളിൽ ഷൂട്ടൗട്ടുകൾ അതിജീവിച്ചിട്ടില്ലെന്ന ചരിത്രം കൂടിയാണ്. ഷൂട്ടൗട്ടിൽ 4-3 ന് ഇംഗ്ലണ്ട് ജയിച്ചു. 
സസ്‌പെൻഷൻ പൂർത്തിയാക്കി സെബാസ്റ്റ്യൻ ലാർസൻ സ്വീഡൻ നിരയിൽ തിരിച്ചെത്തും. എന്നാൽ മികേൽ ലസ്റ്റിഗ് സസ്‌പെന്റ് ചെയ്യപ്പെട്ടത് സ്വീഡന് കൂടുതൽ വലിയ തിരിച്ചടിയാവും. പ്രതിരോധത്തിലെ ശക്തിദുർഗമാണ് ലസ്റ്റിഗ്. സ്വീഡന്റെ തന്ത്രത്തിൽ മാറ്റത്തിന് സാധ്യതയില്ല. അതിവേഗ പ്രത്യാക്രമണത്തിലൂടെ അവസരം സൃഷ്ടിക്കുകയെന്ന പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെയാവും അവർ ഇംഗ്ലണ്ടിനെതിരെയും പുറത്തെടുക്കുക. 
ലോകകപ്പിന്റെ ക്വാർട്ടറിലെത്താൻ എപ്പോഴും സാധിക്കില്ലെന്നും ഈ നിമിഷം ആസ്വദിക്കണമെന്നുമാണ് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് ഇംഗ്ലണ്ട് കളിക്കാരോട് പറയുന്നത്. മുൻകാല ഇംഗ്ലണ്ട് ടീമുകൾക്ക് നോക്കൗട്ട് ഘട്ടം സൂക്ഷ്മതയുടേതാണ്. എന്നാൽ ഈ ടീം ആക്രമിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 
ഇംഗ്ലണ്ടും സ്വീഡനും 23 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് വീതം വിജയങ്ങളും ഒമ്പത് സമനിലകളുമാണ് ഫലം. 1923 ൽ സ്റ്റോക്ക്‌ഹോമിലാണ് ആദ്യം ഏറ്റുമുട്ടിയത്. ഇംഗ്ലണ്ട് 4-2 ന് ജയിച്ചു. 2012 ലാണ് അവസാന മുഖാമുഖം. അന്ന് സ്വീഡൻ 4-2 ന് ജയിച്ചു. ആ മത്സരത്തിൽ സ്ലാറ്റൻ ഇബ്രഹിമോവിച് നേടിയ അവിശ്വസനീയ ഗോളിന് ഫിഫയുടെ പുഷ്‌കാസ് ബഹുമതി കിട്ടി. ടൂർണമെന്റുകളിലെ അവസാന എട്ട് കളികളിൽ ഇംഗ്ലണ്ടിനെ നേരിട്ടപ്പോൾ ഒരിക്കലേ സ്വീഡൻ തോറ്റിട്ടുള്ളൂ. 2014 ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താവുകയും 2016 ലെ യൂറോ കപ്പിൽ ഐസ്‌ലന്റിന് മുന്നിൽ അടിതെറ്റുകയും ചെയ്ത ശേഷം ടീമിനെ കൈവിട്ട ഇംഗ്ലണ്ട് ആരാധകർ ഇത്തവണ ആവേശത്തോടെ കൂടെയുണ്ട്. ഹാരിയുടെ രാജവിവാഹം കണ്ടതിനെക്കാൾ കൂടുതൽ പേർ ഇത്തവണ കൊളംബിയക്കെതിരായ ഷൂട്ടൗട്ട് കണ്ടു, 2.36 കോടി പേർ. 
ഇംഗ്ലണ്ടിനെ അപേക്ഷിച്ച് സ്വീഡനാണ് ഇത്തവണ ദുർഘടമായ പാത തരണം ചെയ്തത്. നെതർലാന്റ്‌സ് ഉൾപെടുന്ന യോഗ്യതാ ഗ്രൂപ്പിൽ നിന്നാണ് അവർ പ്ലേഓഫ് ബെർത്ത് നേടിയത്. പ്ലേഓഫിൽ ഇറ്റലിയെ അട്ടിമറിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജർമനി ഉൾപെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി. സ്ലാറ്റൻ ഇബ്രഹിമോവിച് വിരമിച്ച ശേഷം സൂപ്പർ താരങ്ങൾ ഇല്ലാത്ത ഈ ടീം കൂട്ടായ യത്‌നത്തിലൂടെയാണ് മുന്നേറുന്നത്. അതേസമയം പാനമയെ 6-1 ന് തകർത്തതൊഴിച്ചാൽ ഓപൺ കളിയിൽ നിന്ന് സ്‌കോർ ചെയ്യാൻ ഇംഗ്ലണ്ട് ബുദ്ധിമുട്ടുകയാണ്. അവരുടെ ഒമ്പത് ഗോളിൽ ഏഴും വന്നത് സെറ്റ് പീസുകളിൽ നിന്നും പെനാൽട്ടിയിൽ നിന്നുമാണ്. സ്വീഡന്റെ പ്രതിരോധം നാലു കളികളിൽ മൂന്നിലും ഗോൾ വഴങ്ങിയില്ല. എന്നാൽ ലസ്റ്റിഗിന്റെ പരിക്ക് അവർക്ക് വലിയ തിരിച്ചടിയാണ്. 

 


 

Latest News