ജക്കാര്‍ത്ത - എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യന്‍ ഓപണ്‍ ചാമ്പ്യനായ പ്രണോയ് ലോക പന്ത്രണ്ടാം നമ്പര്‍ ജപ്പാന്റ കെന്‍ നിഷിമോതോയെ 21-16, 21-14 ന് അനായാസം തോല്പിച്ചു. മലേഷ്യന്‍ മാസ്റ്റേഴ്സിലും മഡ്രീഡ് മാസ്റ്റേഴ്സിലും തന്നെ തോല്പിച്ച ലോക ഒമ്പതാം നമ്പര്‍ ഗ്രിഗോറിയ മാരിസ്ക തുംഗ്ജുംഗിനെയാണ് പതിനാലാം റാങ്കുകാരിയായ സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത് (21-19, 21-15). സിന്ധു കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഹോങ്കോംഗുകാരന്‍ എന്‍ഗ് കാ ലാ ആന്ഗസുമായാണ് പ്രണോയ് പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സിന്ധു മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്പെയിയുടെ തായ് തെ യുംഗുമായി ഏറ്റുമുട്ടും.
പുരുഷ ഡബ്ള്‍സില്‍ മലയാളി എം.ആര്. അര്‍ജുനും കൂട്ടാളി ധ്രുവ് കപിലയും പുറത്തായി. യൂ സിന് ഓന്ഗ്-യീ ത്യോ ഈ സഖ്യത്തോട് അവര്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു (21-12, 6-21, 20-22). രങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും പ്രി ക്വാര്‍ട്ടറിലെത്തി. 21-12, 21-7 ന് ഇന്ത്യന്‍ ജോഡി മുന്നില്‍ നില്‍ക്കെ പോപോവ് സഹോദരന്മാരായ ക്രിസ്റ്റോയും തോമ ജൂനിയറും പിന്‍വാങ്ങി. വനിതാ ഡബ്ള്‍സില്‍ മലയാളി ട്രീസ ജോളി-ഹൈദരാബാദുകാരി ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. റിന് ഇവാന്ഗ-കീ നകാനിഷി സഖ്യത്തോട് 22-20, 12-21, 16-21 നാണ് മുട്ടുമടക്കിയത്.






