എംബാപ്പെയെ റയലിന് ചുളുവിലയ്ക്ക് കിട്ടുമോ?

പാരിസ് - രണ്ടു തവണ കീലിയന്‍ എംബാപ്പെക്കായി ശ്രമിച്ച് പരാജയപ്പെട്ടതാണ് റയല്‍ മഡ്രീഡ്. ഒടുവില്‍ ആ വാതില്‍ തുറക്കുകയാണ്. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് എംബാപ്പെ പി.എസ്.ജിയെ അറിയിച്ചു. കരീം ബെന്‍സീമക്ക് പകരക്കാരനെ തേടുന്ന റയല്‍ ആ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. 2021 ല്‍ 18 കോടി യൂറോയുടെ ഓഫര്‍ പി.എസ്.ജി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും റയല്‍ ശ്രമിച്ചെങ്കിലും പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുകയാണ് എംബാപ്പെ ചെയ്തത്. 
2024 വരെയാണ് പി.എസ്.ജിയുമായി എംബാപ്പെക്ക് കരാര്‍. ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ ഒരു വര്‍ഷം കൂടി നീട്ടാം. 2024 വരെ തുടര്‍ന്നാല്‍ എംബാപ്പെ വെറുംകൈയുമായി ക്ലബ്ബ് വിടും. ട്രാന്‍സ്ഫര്‍ വകയില്‍ ഒരു പൈസ പോലും പി.എസ്.ജിക്ക് കിട്ടില്ല. അതിനാല്‍ ഈ വര്‍ഷം താരത്തെ വില്‍ക്കാനാണ് പി.എസ്.ജി ശ്രമിക്കുക. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമോയെന്ന് വരുന്ന ജൂലൈ 31 ന് മുമ്പ് എംബാപ്പെ തീരുമാനിക്കണം. ഫലത്തില്‍ ഒന്നര മാസമേ ബാക്കിയുള്ളൂ. 
ഇരുപത്തിനാലുകാരന്റെ ഇഷ്ട ക്ലബ്ബാണ റയല്‍. ചെറുപ്പത്തില്‍ ക്ലബ്ബില്‍ ചേരുകയെന്ന ഉദ്ദേശ്യത്തോടെ റയല്‍ സന്ദര്‍ശിച്ചിരുന്നു, പക്ഷെ മോണകോയിലാണ് കരിയര്‍ തുടങ്ങിയത്. 2017 ല്‍ അവര്‍ പി.എസ്.ജിക്ക് വിറ്റു. ചാമ്പ്യന്‍സ് ലീഗോ ബാലന്‍ഡോറോ നേടുക എംബാപ്പെയുടെ സ്വപ്‌നമാണ്. പി.എസ്.ജിയില്‍ അത് സാധ്യമല്ലെന്ന തോന്നലാണ് ഫ്രഞ്ചുകാരന്. ബെന്‍സീമ സൗദി ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിലേക്ക് കൂടുമാറിയ ഒഴിവില്‍ ടോപ് ക്ലാസ് സ്‌ട്രൈക്കറെ തേടുകയാണ് റയല്‍. ബെന്‍സീമ, ഈഡന്‍ ഹസാഡ്, മാര്‍ക്കൊ അസന്‍സിയൊ തുടങ്ങിയവര്‍ ക്ലബ്ബ് വിട്ട വകയില്‍ ഫണ്ടുമുണ്ട്. ഈ വര്‍ഷം തന്നെ എംബാപ്പെയെ വില്‍ക്കാന്‍ പി.എസ്.ജി നിര്‍ബന്ധിതമാണ് എന്നതിനാല്‍ ട്രാന്‍സ്ഫര്‍ തുക വല്ലാതെ വര്‍ധിക്കാനുമിടയില്ല. പത്തൊമ്പതുകാരന്‍ ജൂഡ് ബെല്ലിംഗാമിനായി 13 കോടി യൂറോ ചെലവിടുന്നതാണ് റയലിന് ഏക പ്രശ്‌നം. ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബുകളും എംബാപ്പെക്കായി താല്‍പര്യം കാണിച്ചേക്കും. 


 

Latest News