മുംബൈ - ഇന്ത്യന്‍ ക്രിക്കറ്റിലെ സംഘര്‍ഷഭരിതമായ കാലഘട്ടത്തെ ഓര്‍മിപ്പിച്ച് വീണ്ടും സൗരവ് ഗാംഗുലി. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ വീണ്ടും തുടക്കമിട്ടത്. കോലിയെ മാറ്റുന്നതിനായി ബി.സി.സി.ഐ ഒരുങ്ങിയിട്ടില്ലായിരുന്നുവെന്നും കോലിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും അതിന് എന്താണ് കാരണമെന്ന് കോലിക്കു മാത്രമേ പറയാന്‍ സാധിക്കൂ എന്നുമാണ് ഒരു ടി.വി അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഗാംഗുലിയുമായുള്ള തര്‍ക്കമാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതില്‍ കലാശിച്ചത്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന ഗാംഗുലിയുടെ പരാമര്‍ശം കോലിയെ ചൊടിപ്പിക്കുകയും കോലി അത് പരസ്യമായി നിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞത്.
ഗാംഗുലിയുടെ പരാമര്‍ശം മറ്റൊരര്‍ഥത്തിലും കൗതുകകരമാണ്. ക്യാപ്റ്റനെ നിശ്ചയിക്കുന്നതും ഒഴിവാക്കുന്നതുമൊക്കെ സെലക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അതില്‍ പങ്കില്ല. ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായിരിക്കെ സെലക്ഷന്‍ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.
കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്ന് ഗാംഗുലി വിശദീകരിച്ചു. സെലക്ടര്‍മാര്‍ക്ക് പകരം ഒരാളെ നിയമിക്കണമായിരുന്നു. അന്ന് രോഹിത് ശര്‍മയായിരുന്നു ഏറ്റവും ഉചിതമായ പകരക്കാരന്‍ -സൗരവ് പറഞ്ഞു.






