ലണ്ടന്‍ - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാത്തതിന് ഇരു ടീമുകള്‍ക്കും കനത്ത പിഴ വിധിച്ചു. ഇന്ത്യന്‍ കളിക്കാര്‍ക്ക് മൊത്തം മത്സര ഫീസ് നഷ്ടമായി. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് 80 ശതമാനവും. നിശ്ചിത സമയമായപ്പോള്‍ ഇന്ത്യ അഞ്ചോവറും ഓസ്‌ട്രേലിയ നാലോവറും എറിയാന്‍ ബാക്കിയുണ്ടായിരുന്നു.
ലോക ഒന്നാം നമ്പറായ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന് തോറ്റിരുന്നു.
അമ്പയറിംഗിനെ പരോക്ഷമായി വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ ട്വീറ്റിന്റെ പേരില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിന് ഐ.സി.സി മത്സര ഫീസിന്റെ 15 ശതമാനം പിഴയിട്ടു. രണ്ടാം ഇന്നിംഗ്‌സില്‍ പതിനെട്ടില്‍ നില്‍ക്കെ സ്‌കോട് ബോളന്റിന്റെ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍ പറന്നെടുത്ത ക്യാച്ചിലാണ് ഗില്‍ പുറത്തായത്. പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചുവെന്നാണ് ഇന്ത്യന്‍ കളിക്കാരുടെ പരാതി. പന്ത് നിലത്ത് സ്പര്‍ശിക്കുന്നതു പോലെ തോന്നിക്കുന്ന ആംഗിളില്‍ നിന്നുള്ള ചിത്രം ഭൂതക്കണ്ണാടിയുടെയും തലക്ക് കൈ വെക്കുന്നതിന്റെയും പരിഹാസ ഇമോജികളോടൊപ്പം ഗില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഗില്‍ ക്രീസ് വിടാതിരുന്നതോടെ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടിരുന്നു. അദ്ദേഹം നിരവധി തവണ റീപ്ലേ പരിശോധിച്ച ശേഷമാണ് ഗില്‍ പുറത്തായതായി പ്രഖ്യാപിച്ചത്. മതിയായ റീപ്ലേകള്‍ കാണാതെയാണ് അമ്പയര്‍ ഔട്ട് വിധിച്ചതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിമര്‍ശിച്ചിരുന്നു.






