റോം - അന്തരിച്ച ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയൊ ബെര്‍ലുസ്കോണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് എ.സി മിലാന്. 1986 മുതല്‍ 2017 വരെ ബെര്‍ലുസ്കോണിയുടെ ഉടമസ്ഥതയിലിരിക്കെ അഞ്ച് ചാമ്പ്യന്‍സ് ലീഗും എട്ട് ഇറ്റാലിയന്‍ ലീഗുമുള്‍പ്പെടെ 29 കിരീടങ്ങള്‍ നേടിയിട്ടുണ്ട് മിലാന്. ഈ കാലത്ത് കാര്‍ലൊ ആഞ്ചലോട്ടി രണ്ടു തവണ കളിക്കാരനായും രണ്ടു തവണ കോച്ചായും യൂറോപ്യന്‍ ചാമ്പ്യനായി. നിലവിലെ റയല്‍ മഡ്രീഡ് പരിശീലകനാണ് ആഞ്ചലോട്ടി.
മിലാന് ബെര്‍ലുസ്കോണിക്ക് ആവേശമായിരുന്നു. അത് രാഷ്ട്രീയനേട്ടത്തിന് അദ്ദേഹത്തിന് ആയുധവുമായിരുന്നു. മാര്‍ക്കൊ വാന്‍ബാസ്റ്റനും റൂഡ് ഗുള്ളിറ്റും ഫ്രാങ്ക് റൈക്കാഡും ഫ്രാങ്കൊ ബരേസിയും പൗളൊ മാല്ദീനിയുമൊക്കെ മിലാന് ജഴ്സിയിട്ടത് ബെര്‍ലുസ്കോണി മിലാനിലുള്ള സമയത്താണ്. ലോക റെക്കോര്‍ഡ് തുകക്ക് ടീമിലേക്ക് കൊണ്ടുവന്ന ജിയാന്ലൂഡി ലെന്റീനിയെ പോലുള്ള കളിക്കാര്‍ വന്‍ പരാജയമാവുകയും ചെയ്തു.
2011 ല്‍ ലീഗ് ചാമ്പ്യന്മാരായ ശേഷം മിലാന്റെ പതനമായിരുന്നു. ആറു വര്‍ഷത്തിനു ശേഷം ചൈനീസ് ബിസിനസുകാരന് ലി യോംഗ്ഹോംഗിന് തന്റെ ഓഹരികള്‍ ബെര്‍ലുസ്കോണി വിറ്റു. പിന്നീട് ആദ്യമായി മിലാന് ലീഗ് ചാമ്പ്യന്മാരാവുന്നത് കഴിഞ്ഞ സീസണിലാണ്. മിലാന് വിറ്റ ശേഷം മോണ്‍സ ക്ലബ്ബ് വാങ്ങുകയും അതിനെ ഫസ്റ്റ് ഡിവിഷനിലെത്തിക്കുകയും ചെയ്തു.






