ലാ പ്ലാറ്റ - ഇറ്റലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഇതാദ്യമായി ഉറുഗ്വായ് അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. കളി തീരാന്‍ നാലു മിനിറ്റ് ശേഷിക്കെ ലൂസിയാനൊ റോഡ്രിഗസാണ് ചരിത്രം കുറിച്ച ഗോളടിച്ചത്. ലാപ്ലാറ്റയിലെ ഡിയേഗൊ അര്‍മാന്‍ഡൊ മറഡോണ സ്‌റ്റേഡിയത്തില്‍ നാല്‍പതിനായിരത്തോളം പേരാണ് ഫൈനല്‍ വീക്ഷിച്ചത്. കഴിഞ്ഞ നാലു തവണയും യൂറോപ്യന്‍ ടീമുകളാണ് അണ്ടര്‍-20 ലോകകപ്പ് ചാമ്പ്യന്മാരായത്. ഇത്തവണ ലാറ്റിനമേരിക്കയുടെ പ്രതാപം വീണ്ടെടുക്കാന്‍ ഉറുഗ്വായ്ക്ക് സാധിച്ചു. 2013 ല്‍ ഫ്രാന്‍സും 2015 ല്‍ സെര്‍ബിയയും 2017 ല്‍ ഇംഗ്ലണ്ടും 2019 ല്‍ ഉക്രൈനുമാണ് കിരീടം നേടിയത്. 2011 ല്‍ ബ്രസീല്‍ ചാമ്പ്യന്മാരായ ശേഷം ആദ്യമായാണ് ലാറ്റിനമേരിക്കന്‍ ടീം കപ്പുയര്‍ത്തുന്നത്.
ഇസ്രായിലിനെ കളിപ്പിക്കുന്നതിനെതിരെ ഇന്തോനേഷ്യയില്‍ പ്രതിഷേധം അരങ്ങേറിയതോടെയാണ് അവസാന നിമിഷം ടൂര്‍ണമെന്റ് അര്‍ജന്റീനയിലേക്ക് മാറ്റിയത്. ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് കളിക്കാരെ വിട്ടുകിട്ടാന്‍ ഇറ്റലിക്കും ഉറുഗ്വായ്ക്കും കാര്യമായ പ്രയാസമുണ്ടായില്ല. അതാണ് അവരുടെ മുന്നേറ്റത്തിന്റെ രഹസ്യം.
ഉറുഗ്വായ് മൂന്നാം തവണയാണ് ഫൈനല്‍ കളിക്കുന്നത്. 1997 ല്‍ അര്‍ജന്റീനയോടും 2013 ല്‍ ഫ്രാന്‍സിനോടും ഫൈനലില്‍ തോറ്റിരുന്നു. ഇറ്റലി ആദ്യമായാണ് ഫൈനലിലെത്തുന്നത്.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മാത്രം ഗോള്‍ വഴങ്ങിയ ഉറുഗ്വായ് പ്രതിരോധം ഫൈനലിലും പരീക്ഷിക്കപ്പെട്ടില്ല. നിരവധി തവണ ഉറുഗ്വായ് ഗോളിനടുത്തെത്തി. റോഡ്രിഗസിന്റെ ഫ്രീകിക്കും ക്യാപ്റ്റന്‍ ഫാബ്രിസിയൊ ഡിയാസിന്റെ ലോംഗ്‌റെയ്ഞ്ചറുകളും ആന്‍ഡേഴ്‌സന്‍ ദുവാര്‍തെയുടെ ഹെഡറും ഗോള്‍മണം പരത്തി. ദുവാര്‍തെയുടെ ഹെഡര്‍ ഇറ്റാലിയന്‍ ഗോളി സെബാസ്റ്റ്യാനൊ ദെസ്പ്ലാഞ്ചസ് രക്ഷിച്ചത് ടൂര്‍ണമെന്റിലെ മികച്ച സെയ്‌വായി. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി ഇറ്റലിയുടെ സെസാര്‍ കസാദെ ഫൈനലില്‍ നിരാശപ്പെടുത്തി. മോശം ഗ്രൗണ്ട് കളി തടസ്സപ്പെടുത്തിയതെന്ന് ഇറ്റലി കോച്ച് കാര്‍മിന്‍ നൂന്‍സിയാറ്റ വിമര്‍ശിച്ചു.
അരങ്ങേറ്റ ടൂര്‍ണമെന്റില്‍ വന്‍ കുതിപ്പ് നടത്തിയ ഇസ്രായിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഉറുഗ്വായ് ഫൈനലിലെത്തിയത്. ഇറ്റലി 2-1 ന് ഏഷ്യയുടെ അവസാന പ്രതീക്ഷകളായ തെക്കന്‍ കൊറിയയെ തോല്‍പിച്ചു. ഇറ്റലി-കൊറിയ മത്സരം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായിരുന്നു. ഗോള്‍കീപ്പര്‍മാരായ സെബാസ്റ്റ്യനൊ ദെസ്പ്ലാഞ്ചസും കിം ജൂന്‍ ഹോംഗും തുടക്കം മുതല്‍ മിന്നുന്ന ഫോമിലായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായ സെസാര്‍ കസാദെയാണ് ഇറ്റലിയുടെ ആദ്യ ഗോളടിച്ചത്. ടൂര്‍ണമെന്റിലെ കസാദെയുടെ ഏഴാം ഗോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഇറ്റലി നോക്കൗട്ട് റൗണ്ടുകളില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും കൊളംബിയയെയും മറികടന്നു.






