ചൈനയില്‍ മെസ്സി ജ്വരം, മുതലെടുത്ത് തട്ടിപ്പുകാര്‍

ബെയ്ജിംഗ് - സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന ടീമിനൊപ്പമെത്തിയ ലിയണല്‍ മെസ്സി ചൈനയുടെ ലഹരിയായി മാറുന്നു. ഓസ്‌ട്രേലിയയുമായാണ് അര്‍ജന്റീന കളിക്കുക. മെസ്സി ഏഴാം തവണയാണ് ചൈന സന്ദര്‍ശിക്കുന്നത്. 
മെസ്സിയെ കാണാനുള്ള ആവേശം ചില കുബുദ്ധികള്‍ മുതലെടുക്കുകയാണ്. മെസ്സിയുമായി അത്താഴ വിരുന്നും കൂടിക്കാഴ്ചയും സെല്‍ഫിയുമൊക്കെ വാഗ്ദാനം ചെയ്ത് പലരും രംഗത്തെത്തി. മെസ്സിയുമൊത്ത് ഒരു സായാഹ്നം ചെലവിടാന്‍ മൂന്നു ലക്ഷം യുവാന്‍ ആവശ്യപ്പെടുന്ന പരസ്യം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് രംഗത്തെത്തി. വി.ഐ.പി സ്റ്റേഡിയം പാക്കേജുള്‍പ്പെടെ മറ്റു നിരവധി വാഗ്ദാനങ്ങളും പ്രചരിക്കുകയാണ്. അഞ്ച് ലക്ഷം യുവാന്‍ നല്‍കിയാല്‍ മെസ്സി ഉല്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നും വാഗ്ദാനമുണ്ട്. 
ബെയ്ജിംഗിലെ വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്റാണ്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അര്‍ജന്റീന 2-1 ന് തോല്‍പിച്ചിരന്നു. 580 യുവാന്‍ മുതല്‍ 4800 യുവാന്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
 

Latest News