പാരിസ് - മലയാളി താരം മുരളി ശ്രീശങ്കര്‍ പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ലോംഗ്ജമ്പില്‍ മൂന്നാം സ്ഥാനത്തെത്തി. ഡയമണ്ട് ലീഗില്‍ ആദ്യ മൂന്നിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. നീരജ് ചോപ്രയും (ജാവലിന്‍ ത്രോ) വികാസ് ഗൗഡയുമാണ് (ഡിസ്‌കസ് ത്രോ) നേരത്തെ ഈ നേട്ടം കൈവരിച്ചത്. നീരജ് ഡയമണ്ട് ലീഗ് ചാമ്പ്യനായ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്.
കരിയര്‍ ബെസ്റ്റായ 8.36 മീറ്ററിനടുത്തു പോലും എത്താനായിട്ടില്ലെങ്കിലും മുരളി സീസണിലാദ്യമായി എട്ട് മീറ്റര്‍ പിന്നിട്ടു (8.09 മീ.). ഒളിംപിക് ചാമ്പ്യന്‍ മില്‍റ്റിയാഡിസ് ടെന്‍ഡോഗ്ലുവിനാണ് സ്വര്‍ണം (8.13 മീ.). ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡലുകാരന്‍ സൈമണ്‍ ഇഹാമര്‍ (സ്വിറ്റ്‌സര്‍ലന്റ്) രണ്ടാം സ്ഥാനത്തെത്തി (8.11). ആദ്യ മൂന്നു സ്ഥാനക്കാര്‍ തമ്മില്‍ നാലു സെന്റിമീറ്ററിന്റെ മാത്രം വ്യത്യാസം. നിലവിലെ ഒളിംപിക് വെങ്കല മെഡലുകാരന്‍ മൈക്കിള്‍ മാസോവിന് (ക്യൂബ) ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ (7.83 മീ.).
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കറിന് ആദ്യ രണ്ട് ചാട്ടത്തിലും എട്ട് മീറ്റര്‍ മറികടക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാമത്തെ ശ്രമത്തില്‍ 8.09 മീറ്ററോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇഹാമര്‍ നാലാമത്തെ ചാട്ടത്തിലും ടെന്‍ഡോഗ്ലു അഞ്ചാമത്തെ ശ്രമത്തിലുമാണ് ശ്രീശങ്കറിനെ മറികടന്നത്.
നീരജിന് പരിക്കേറ്റതിനാല്‍ പാരിസ് ഡയമണ്ട് ലീഗില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ താരമായിരുന്നു ശ്രീശങ്കര്‍. ഡയമണ്ട് ലീഗില്‍ രണ്ടാം തവണയാണ് ശ്രീശങ്കര്‍ പങ്കെടുക്കുന്നതും. കഴിഞ്ഞ വര്‍ഷം മോണകോയില്‍ 7.94 മീറ്ററോടെ ആറാം സ്ഥാനത്തായിരുന്നു.
ഗ്രീസിലും അമേരിക്കയിലും മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീശങ്കര്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ്. അടുത്തയാഴ്ച ഭുവനേശ്വറില്‍ ആരംഭിക്കുന്ന അന്തര്‍സംസ്ഥാന മീറ്റില്‍ പങ്കെടുക്കും. തന്റെ ദേശീയ റെക്കോര്‍ഡ് പിടിച്ചെടുത്ത ജെസ്വിന്‍ ആള്‍ഡ്രിനുമായി ശ്രീശങ്കര്‍ പൊരുതും. ജെസ്വിന്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ശ്രീശങ്കറിന് സാധിച്ചിട്ടില്ല.






