ലാ പ്ലാറ്റ - അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇറ്റലിയും ഉറുഗ്വായും ഇന്ന് ഏറ്റുമുട്ടും. ലാപ്ലാറ്റയിലെ ഡിയേഗൊ അര്‍മാന്‍ഡൊ മറഡോണ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ വന്‍ കുതിപ്പ് നടത്തിയ ഇസ്രായിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഉറുഗ്വായ് ഫൈനലിലെത്തിയത്. ഇറ്റലി 2-1 ന് ഏഷ്യയുടെ അവസാന പ്രതീക്ഷകളായ തെക്കന്‍ കൊറിയയെ തോല്‍പിച്ചു. കഴിഞ്ഞ നാലു തവണയും യൂറോപ്യന്‍ ടീമുകളാണ് അണ്ടര്‍-20 ലോകകപ്പ് ചാമ്പ്യന്മാരായത്. ഇത്തവണ ലാറ്റിനമേരിക്കയുടെ പ്രതാപം വീണ്ടെടുക്കാനാണ് ഉറുഗ്വായുടെ നിയോഗം.
ടൂര്‍ണമെന്റില്‍ ഇത്തവണ പുതിയ ചാമ്പ്യന്മാരെ കാണാം. ഉറുഗ്വായ് മൂന്നാം തവണയാണ് ഫൈനല്‍ കളിക്കുന്നത്. 1997 ല്‍ അര്‍ജന്റീനയോടും 2013 ല്‍ ഫ്രാന്‍സിനോടും ഫൈനലില്‍ തോറ്റിരുന്നു. ഇറ്റലി ആദ്യമായാണ് ഫൈനലിലെത്തുന്നത്. ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് കളിക്കാരെ വിട്ടുകിട്ടാന്‍ ഇറ്റലിക്കും ഉറുഗ്വായ്ക്കും കാര്യമായ പ്രയാസമുണ്ടായില്ല. അതാണ് അവരുടെ മുന്നേറ്റത്തിന്റെ രഹസ്യം. 2013 ല്‍ ഫ്രാന്‍സും 2015 ല്‍ സെര്‍ബിയയും 2017 ല്‍ ഇംഗ്ലണ്ടും 2019 ല്‍ ഉക്രൈനുമാണ് കിരീടം നേടിയത്. അവസാനം കിരീടം നേടിയ ലാറ്റിനമേരിക്കന്‍ ടീം ബ്രസീലാണ് -2011 ല്‍.
ഇറ്റലി-കൊറിയ മത്സരം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായിരുന്നു. ഗോള്‍കീപ്പര്‍മാരായ സെബാസ്റ്റ്യനൊ ദെസ്പ്ലാഞ്ചസും കിം ജൂന്‍ ഹോംഗും തുടക്കം മുതല്‍ മിന്നുന്ന ഫോമിലായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായ സെസാര്‍ കസാദെയാണ് ഇറ്റലിയുടെ ആദ്യ ഗോളടിച്ചത്. ടൂര്‍ണമെന്റിലെ കസാദെയുടെ ഏഴാം ഗോള്‍. വി.എ.ആര്‍ വഴി ലഭിച്ച പെനാല്‍ട്ടിയിലൂടെ ഇരുപത്തിമൂന്നാം മിനിറ്റില്‍ ലീ സ്യൂംഗ് വോണ്‍ ഗോള്‍ മടക്കി. ഇറ്റലി ഒരു തവണ ഗോള്‍ലൈന്‍ ക്ലിയറന്‍സിലാണ് രക്ഷപ്പെട്ടത്. എന്നാല്‍ എണ്‍പത്താറാം മിനിറ്റില്‍ സിമോണ്‍ പഫുണ്ടിയുടെ ഫ്രീകിക്കില്‍ അവര്‍ വിജയം കണ്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഇറ്റലി നോക്കൗട്ട് റൗണ്ടുകളില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും കൊളംബിയയെയും മറികടന്നു.
അറുപത്തൊന്നാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ദുവാര്‍തെയാണ് ഇസ്രായിലിനെതിരെ ഉറുഗ്വായുടെ വിജയ ഗോളടിച്ചത്.






