പാരിസ് - നിലവിലെ റണ്ണര്‍അപ് കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ചാമ്പ്യനായതോടെ നോവക് ജോകോവിച് ഗ്രാന്റ്സ്ലാം നേട്ടത്തിന്റെ നെറുകയില്‍. തിരിച്ചടിച്ച ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നേടിയ ശേഷം നോവക് തിരിഞ്ഞുനോക്കിയില്ല. 7-6 (7-1), 6-3, 7-5. കാര്‍ലോസ് അല്‍കാരസിനെ മറികടന്ന് ലോക ഒന്നാം നമ്പറുമായി നോവക്. നിലവിലെ ടോപ് സീഡ് കാര്‍ലോസ് അല്‍കാരസിനെയാണ് നോവക് സെമി ഫൈനലില്‍ തോല്‍പിച്ചത്.
നോവക്കിന്റെ ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്. മറ്റൊരു പുരുഷ താരത്തിനും സാധിക്കാത്ത നേട്ടം. വനിതകളില്‍ തന്നെ ഓപണ്‍ യുഗത്തില്‍ സെറീന വില്യംസിനു മാത്രമേ 23 ഗ്രാന്റ്സ്ലാമുകള്‍ നേടാനായിട്ടുള്ളൂ. പുരുഷ താരങ്ങളില്‍ 22 ഗ്രാന്റ്സ്ലാമുകളുമായി റഫായേല്‍ നദാലുമായി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇതുവരെ. പ്രായമേറിയ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനും കൂടിയാണ് മുപ്പത്താറുകാരന്‍. കഴിഞ്ഞ നാല് ഗ്രാന്റ്സ്ലാമുകളില്‍ മൂന്നാം ഫൈനല്‍ കളിക്കുന്ന കാസ്പര്‍ റൂഡിന് ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം പരാജയമാണ്. റോളാങ്ഗാരോയില്‍ ഏഴാം തവണയാണ് നോവക് ഫൈനല്‍ കളിക്കുന്നത്.
93 വര്‍ഷത്തിനിടയില്‍ ഇത്രയും പ്രായമുള്ള കളിക്കാരന്‍ ഫൈനലില്‍ പോലുമെത്തിയിട്ടില്ല. നാല് ഗ്രാന്റ്സ്ലാമുകളും മൂന്നു തവണയെങ്കിലും ജയിച്ച ഏക പുരുഷ താരമെന്ന പദവിയും നോവക്കിന് സ്വന്തം. മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായിട്ടുണ്ട്, 2016ലും 2021 ലും. തന്റെ മുപ്പത്തിനാലാം ഗ്രാന്റ്സ്ലാം ഫൈനലായിരുന്ന ഇത്.
റൂഡ് മൂന്നാമത്തെ ഗ്രാന്റ്സ്ലാം ഫൈനലാണ് കളിച്ചത്. 2022 ലെ ഫ്രഞ്ച് ഓപണില്‍ നദാലിനോടും യു.എസ് ഓപണില്‍ അല്‍കാരസിനോടും ഫൈനലില്‍ തോറ്റു. അഞ്ചു തവണ ഏറ്റുമുട്ടിയിട്ടും നോവക്കിനെ ഇതുവരെ തോല്‍പിക്കാനോ ഒരു സെറ്റെങ്കിലും നേടാനോ ഇരുപത്തിനാലുകാരനായിട്ടില്ല. 2020 നു ശേഷം കളിമണ്‍ കോര്‍ടുകളില്‍ ഏറ്റവുമധികം വിജയം നേടിയത് റൂഡാണ് (87), ഏറ്റവുമധികം ഫൈനല്‍ കളിച്ചതും (12) കിരീടം നേടിയതും (9) റൂഡ് തന്നെ.






