ഏഷ്യാ കപ്പിന് പാക് ആതിഥ്യം, പാക് ടീം ഇന്ത്യയില്‍ കളിക്കും

ദുബായ് - സെപ്റ്റംബറിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനില്‍ നിന്ന് പൂര്‍ണമായി മാറ്റാനുള്ള ബി.സി.സി.ഐ ശ്രമം വിജയിച്ചില്ല. പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ടൂര്‍ണമെന്റ് നടത്താന്‍ ധാരണയായി. പാക്കിസ്ഥാനില്‍ കളിക്കാതിരിക്കാന്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ബോര്‍ഡുകളുടെ മേല്‍ ബി.സി.സി.ഐ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന ആദ്യമേ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് രണ്ടു രാജ്യങ്ങളിലായി കളി നടത്താമെന്ന് പാക് ബോര്‍ഡ് നിര്‍ദേശം വെച്ചത്. ഈ മോഡല്‍ തുടക്കത്തില്‍ മറ്റു ബോര്‍ഡുകള്‍ എതിര്‍ത്തിരുന്നു. അതോടെ പാക്കിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കി. 
പാക്കിസ്ഥാനൊപ്പം യു.എ.ഇയാണ് പി.സി.ബി നിര്‍ദേശിച്ച വേദി. എന്നാല്‍ കൊടും ചൂടില്‍ യു.എ.ഇയില്‍ കളിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് ബോര്‍ഡ്. അതോടെയാണ് ശ്രീലങ്കക്ക് നറുക്കു വീണത്. പാക്കിസ്ഥാന്‍ ടീം ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഏഷ്യാ കപ്പിലെ അനുരഞ്ജനത്തോടെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ മത്സരങ്ങള്‍ കളിച്ചേക്കും. പ്രത്യേകിച്ച് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. അതിലും അവര്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സൂചന.  
ആകെ 13 മത്സരങ്ങളാണ് ഏഷ്യാ കപ്പില്‍. അതില്‍ നാലോ അഞ്ചോ മത്സരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാവും. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ശ്രീലങ്കയിലായിരിക്കും. ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ഫൈനലിനും ശ്രീലങ്ക വേദിയാവും. 
സെപ്റ്റംബര്‍ 1-17 ആണ് ടൂര്‍ണമെന്റിനായി നിശ്ചയിച്ച കാലം. പാക്കിസ്ഥാനിലെ മത്സരങ്ങള്‍ക്ക് ലാഹോര്‍ വേദിയാവും. ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളും ഒരു ഗ്രൂപ്പിലാണ്. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. അതില്‍ നിന്ന് രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. അതിനാല്‍ മൂന്നു വരെ ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് സാധ്യതയുണ്ട്. 
 

Latest News