കകാമിഗാഹാര (ജപ്പാന്) - തെക്കന്‍ കൊറിയയെ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്പിച്ച് ഇന്ത്യ പ്രഥമ ജൂനിയര്‍ ഏഷ്യന്‍ കപ്പ് വനിതാ ഹോക്കി ചാമ്പ്യന്മാരായി. ഇന്ത്യക്കു വേണ്ടി അനുവും നീലലമും സ്കോര്‍ ചെയ്തു. കൊറിയയുടെ ഗോള്‍ പാര്‍ക്ക് സ്യോയോന്റെ വകയാണ്. പരാജയമറിയാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് ചുവടുവെച്ചത്. ചിലിയില്‍ നടക്കുന്ന ലോക ജൂനിയര്‍ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. ഉജ്വല പ്രകടനം നടത്തിയതിന് ടീമിലെ ഓരോ കളിക്കാരിക്കും ഹോക്കി ഇന്ത്യ രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. കോച്ചിംഗ് സ്റ്റാഫിന് ഓരോ ലക്ഷം രൂപയും ലഭിക്കും.
ഗോളൊഴിഞ്ഞ ആദ്യ ക്വാര്‍ട്ടറിനു ശേഷം ഇന്ത്യയാണ് ലീഡ് നേടിയത്. മുംതാസ് ഖാന്റെ ഷോട്ട് കൊറിയന്‍ ഡിഫന്ററുടെ ശരീരത്തില്‍ തട്ടിയതിന് ലഭിച്ച പെനാല്‍ട്ടി അനു ലക്ഷ്യത്തിലെത്തിച്ചു. കൊറിയ ആദ്യ പകുതി അവസാനിക്കും മുമ്പെ ഗോള്‍ മടക്കി. മൂന്നാം ക്വാര്‍ട്ടറിലായിരുന്നു ഇന്ത്യയുടെ വിജയ ഗോള്‍. അവസാന ക്വാര്‍ട്ടറില്‍ കൊറിയ തിരിച്ചടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ മാധുരി കിന്‍ഡോയും ഡിഫന്റര്‍മാരും അവസരത്തിനൊത്തുയര്‍ന്നു. എട്ട് പെനാല്‍ട്ടി കോര്‍ണറുകളാണ് ഇന്ത്യ പ്രതിരോധിച്ചത്.






