ലണ്ടന്‍ - മൂന്നാമത്തെയും നാലാമത്തെയും ദിനങ്ങളില്‍ ഉശിരോടെ പൊരുതിയ ഇന്ത്യയെ അവസാന ദിനം തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ക്രിക്കറ്റ് ഫൈനലില്‍ കിരീടം നേടി. ഇന്ത്യയെ 296 ന് പുറത്താക്കിയ ഓസ്ട്രേലിയ സമ്പന്നമായ തങ്ങളുടെ ട്രോഫി കാബിനറ്റിലെ അവസാനത്തെ ഷെല്‍ഫും നിറച്ചു. സ്കോര്‍: ഓസ്ട്രേലിയ 469, എട്ടിന് 270 ഡിക്ല., ഇന്ത്യ 296, 234.
മൂന്നിന് 164 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 280 റണ്‍സായിരുന്നു, ഓസീസിന് ഏഴു വിക്കറ്റും. 15 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. അസാധ്യമായ കൃത്യതയോടെ പന്തെറിഞ്ഞ പെയ്സ്ബൗളര്‍ സ്കോട് ബോളന്റ് ഒരോവറില്‍ വിരാട് കോലിയെയും (49) രവീന്ദ്ര ജദേജയെയും (0) പുറത്താക്കി. കോലിയെ സ്ലിപ്പില്‍ മിന്നുന്ന ഡൈവിംഗ് ക്യാച്ചില്‍ സ്റ്റീവ് സ്മിത്ത് പിടിച്ചപ്പോള്‍ ജദേജയെ വിക്കറ്റ്കീപ്പര്‍ പിടിയിലൊതുക്കി. അജിന്‍ക്യ രഹാനെയും (46) ശ്രീകര്‍ ഭരതും (23) കിടയറ്റ പെയ്സ്ബൗളിംഗിന് മുന്നില്‍ പത്തോവറോളം പിടിച്ചുനില്‍ക്കുകയും 43 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. രഹാനെയുടെ ചെറുത്തുനില്പ് മിച്ചല്‍ സ്റ്റാര്‍ക്കാണ് അവസാനിപ്പിച്ചത്. അതോടെ സ്പിന്നര്‍ നാഥന് ലയണ്‍ കടിഞ്ഞാണേറ്റെടുത്തു. ശാര്‍ദുല്‍ താക്കൂറിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ലയണ്‍ തുടങ്ങിയത്. ഭരതിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചു. ബോളണ്ടിന് മൂന്നും (16-2-43-3) ലയണിന് നാലും (15.3-2-41-4) സ്റ്റാര്‍ക്കിന് രണ്ടും (14-1-77-2) വിക്കറ്റ് കിട്ടി. ആദ്യ ഇന്നിംഗ്സിലെ തകര്‍പ്പന്‍ സെഞ്ചുറിക്കുടയമായ ട്രാവിസ് ഹെഡാണ് മാന്‍ ഓഫ് ദ മാച്ച്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ തോല്‍ക്കുന്നത്.
നാലര സെഷനില്‍ 444 റണ്‍സാണ് ഇന്ത്യക്കു മുന്നില്‍ ഓസ്ട്രേലിയ സമര്‍പ്പിച്ചത്. ഉശിരോടെ ടീം അത് ഏറ്റെടുത്തു. തുടക്കം മുതല്‍ ആഞ്ഞടിച്ചു. നാലാം ദിനം പിന്നിടുമ്പോള്‍ മൂന്നിന് 164 എന്ന നിലയിലാണ് ടീം. അവസാന ദിനം പക്ഷെ ഓസീസ് കടിഞ്ഞാണേറ്റെടുത്തു.
നാലാം ദിനം ലഞ്ച് കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എട്ടിന് 270 ല്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ തോല്‍വി ഒഴിവാക്കാന്‍ സൂക്ഷിച്ചു കളിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച ടീം നാലിനു മുകളില്‍ റണ്‍റെയ്റ്റ് നിലനിര്‍ത്തി. ശുഭ്മന്‍ ഗില്ലിനെയാണ് (18) ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. സ്കോട് ബൊളാന്റിന്റെ ബൗളിംഗില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനാണ് ഒരു കൈ കൊണ്ട് എണ്ണംപറഞ്ഞ ക്യാച്ചെടുത്തത്. പന്ത് നിലം തൊട്ടിരുന്നുവെന്ന് ഇന്ത്യന്‍ കളിക്കാര്‍ വാദിച്ചതോടെ അമ്പയര്‍മാര്‍ മൂന്നാം അമ്പയറുടെ സഹായം തേടി. മൂന്നാം അമ്പയറും ക്യാച്ച് ശരി വെച്ചതോടെ ഗില്ലിന് മടക്ക ടിക്കറ്റായി. എങ്കിലും ഗ്രീനിനെ കാണികള്‍ നിരന്തരം വഞ്ചകനെന്ന് പരിഹസിച്ചു.
നന്നായി കളിക്കുമ്പോഴാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (43) ചേതേശ്വര്‍ പൂജാരയും (27) വിക്കറ്റ് വലിച്ചെറിഞ്ഞത്. രോഹിത് സ്പിന്നര്‍ നാഥന് ലയണിനെ സ്വീപ് ചെയ്യാന്‍ ശ്രമിക്കവെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ പൂജാരയുടെ ബാറ്റിലുരസി വിക്കറ്റ്കീപ്പറുടെ കൈയിലെത്തി. തുടര്‍ച്ചയായി ഒന്നിന് 91 ല്‍നിന്ന് മൂന്നിന് 93 ലേക്ക് ഇന്ത്യ തകര്‍ന്നു.
അതോടെ വിരാട് കോലിയും അജിന്‍ക്യ രഹാനെയും കടിഞ്ഞാണേറ്റെടുത്തു. ഇരുവരും പത്ത് തവണ പന്ത് അതിര്‍ത്തി കടത്തി. ബോളന്റ് ഇന്ത്യക്ക് നിരന്തരം ഭീഷണിയുയര്‍ത്തിയെങ്കിലും ക്യാ്പ്റ്റന്‍ പാറ്റ് കമിന്‍സ് നിരാശപ്പെടുത്തി.
അലക്സ് കാരിയും (66 നോട്ടൗട്ട്) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ആറിന് 167 എന്ന അത്ര ഭദ്രമല്ലാത്ത നിലയില്‍ നിന്ന സെഞ്ചുറി കൂട്ടുകെട്ടോടെ ഓസീസിനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചത്. നാലാം ദിനം തുടക്കത്തില്‍ തന്നെ മാര്‍നസ് ലാബുഷൈനെ (41) ഓസീസിന് നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവ് പുറത്താക്കി. രവീന്ദ്ര ജദേജക്ക് മൂന്നു വിക്കറ്റ് കിട്ടി. ഉമേഷും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റെടുത്തു.






